
ദില്ലി: ഇപിഎഫ്ഒയുടെ ഇ- ഓഫീസ് സേവനങ്ങൾ ഓഗസ്റ്റ് 5 ന് ലഭ്യമാകില്ലെന്ന് ഇപിഎഫ്ഒ അറിയിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഇ- ഓഫീസ് സംഘം നടത്തുന്ന നിശ്ചിത സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ നിർത്തിവയ്ക്കുന്നത്. ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 5-ന് വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെയാണ് ഉപഭോക്താക്കൾക്ക് തടസം നേരിടേണ്ടി വരിക. പ്ലാറ്റ്ഫോമിന്റെ വിവിധ ഭാഗങ്ങൾ നവീകരിക്കുന്നതിനാണ് ഈ ഇടവേള ക്രമീകരിച്ചിരിക്കുന്നത്. ഈ സമയത്ത് ഇ- ഓഫീസ് സംവിധാനം ഉപയോഗിക്കാൻ കഴിയില്ലെന്നും ചില ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി തടസപ്പെടുമെന്നും ഇപിഎഫ്ഒ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി ഇ-ഫയൽ പതിപ്പ് 7.4.4-3, പോർട്ടൽ പതിപ്പ് 8.2.2, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പതിപ്പ് 7.3.0, മാസ്റ്റർ ഡാറ്റ മാനേജ്മെന്റ് പതിപ്പ് 7.3.1-1 എന്നിവ അപ്ഡേറ്റ് ചെയ്യും.
നവീകരണം നടക്കുന്ന സമയത്ത് ഇ-ഓഫീസ് സേവനങ്ങൾ ലഭ്യമാകില്ല. ഇതുമൂലം ക്ലെയിമുകൾ സമർപ്പിക്കുന്നതിനും മറ്റ് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിനും താൽക്കാലിക തടസം നേരിടേണ്ടി വരും. നവീകരണം പൂർത്തിയായ ശേഷവും ആദ്യ രണ്ടാഴ്ചക്കാലം അധിക പരിശോധനകളടക്കം ഉൾപ്പെടുത്തി ഘട്ടംഘട്ടമായാണ് ക്ലെയിമുകളും മറ്റ് അപേക്ഷകളും പരിഗണിക്കുക. അതിനാൽ നടപടിക്രമങ്ങൾ സാധാരണയേക്കാൾ അൽപം വൈകാൻ സാധ്യതയുണ്ടെന്നും ഇപിഎഫ്ഒ അറിയിച്ചു.
സിസ്റ്റം നവീകരണത്തിന് ശേഷം സേവനങ്ങൾ ഘട്ടംഘട്ടമായി പൂർണമായി സാധാരണ നിലയിലാകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. അതുവരെ അംഗങ്ങളും തൊഴിലുടമകളും സഹകരിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ഓൺലൈൻ സേവനങ്ങൾ ആവർത്തിച്ച് ഉപയോഗിക്കാൻ ശ്രമിക്കുന്നതും ഒരേ അപേക്ഷ പലതവണ സമർപ്പിക്കുന്നതും ഒഴിവാക്കണമെന്നും ഇപിഎഫ്ഒ അഭ്യർഥിച്ചു. ഇത്തരത്തിലുള്ള നവീകരണങ്ങളിലൂടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും വിശ്വസനീയമായും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.