ഉപഭോക്താക്കളുടെ രുചിയും മൂഡും കാലാവസ്ഥയും മനസ്സിലാക്കി 135-ലധികം വ്യത്യസ്ത രുചികളിൽ ബിയർ നൽകുന്ന പുതിയ എഐ സാങ്കേതികവിദ്യയുമായി ഹെയ്നെക്കൻ രംഗത്ത്. ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ നൽകിയാൽ നിമിഷങ്ങൾക്കകം അനുയോജ്യമായ ബിയർ തയ്യാറാക്കി നൽകുന്നതാണ് പുതിയ സംവിധാനം.

ഓരോരുത്തരുടെയും രുചിയും മൂഡും അറിഞ്ഞ് നൂറിലധികം വ്യത്യസ്ത രുചികളില്‍ ബിയര്‍ തയ്യാറാക്കി നല്‍കാന്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും. ലോക പ്രശസ്ത ബിയര്‍ നിര്‍മ്മാതാക്കളായ ഹെയ്നെക്കന്‍ ആണ് ബിയര്‍ പ്രേമികളെ ആവേശത്തിലാക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒറ്റ ടാപ്പ്, 135 രുചികള്‍

ഹെയ്നെക്കന്റെ പുതിയ 'പേഴ്‌സണലൈസ്ഡ് ഡ്രാഫ്റ്റ്' (സിസ്റ്റം വഴി ഒരൊറ്റ ടാപ്പില്‍ നിന്ന് 135 വ്യത്യസ്ത തരം ബിയറുകളാണ് ലഭിക്കുന്നത്. എല്ലായ്‌പ്പോഴും ഒരേ ബിയര്‍ മാത്രം കുടിക്കുന്ന ശീലമുള്ളവര്‍ക്ക് പുതിയ രുചികള്‍ പരീക്ഷിക്കാനും, ബിയര്‍ കുടിക്കാത്തവരെപ്പോലും അതിലേക്ക് ആകര്‍ഷിക്കാനും ഈ സിസ്റ്റം സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സിനിമയും കാലാവസ്ഥയും അറിഞ്ഞ് ബിയര്‍

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സിനിമകള്‍, അവരുടെ വ്യക്തിത്വം, അപ്പോഴത്തെ കാലാവസ്ഥ, ഒപ്പമുള്ള സുഹൃത്തുക്കളുടെ എനര്‍ജി എന്നിവയെല്ലാം വിലയിരുത്തിയാണ് എഐ ഓരോരുത്തര്‍ക്കും അനുയോജ്യമായ ബിയര്‍ തയ്യാറാക്കി നല്‍കുന്നത്. ഉപഭോക്താക്കള്‍ അവരുടെ ഫോണില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം സ്വന്തം ഇഷ്ടങ്ങള്‍ നല്‍കിയാല്‍ മതി. മെഷീനിലെ ഇന്റഗ്രേറ്റഡ് ബാരലുകള്‍ നിമിഷങ്ങള്‍ക്കകം ഇതിന് അനുയോജ്യമായ ബിയര്‍ കൃത്യമായി ബ്ലെന്‍ഡ് ചെയ്ത് നല്‍കും. ബിയര്‍ ഗ്ലാസിലേക്ക് എത്തുമ്പോള്‍ തന്നെ അതിലെ ചേരുവകളും വിവരങ്ങളും അടങ്ങിയ ഒരു 'പേഴ്‌സണലൈസ്ഡ് ലേബല്‍' പ്രിന്റ് ചെയ്ത് ലഭിക്കുകയും ചെയ്യും.

പാരമ്പര്യവും പുതിയ സാങ്കേതികവിദ്യയും

ഹെയ്നെക്കന്റെ പരീക്ഷണാത്മക ഇന്നൊവേഷന്‍ ഹബ്ബായ 'ഹെയ്നെക്കന്‍ സ്റ്റുഡിയോ'യുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ എത്തുന്നത്. ഹെയ്നെക്കന്റെ ഗ്ലോബല്‍ മാസ്റ്റര്‍ ബ്രൂവറും ഗവേഷകരും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. ആംസ്റ്റര്‍ഡാമിലെ ഹെയ്നെക്കന്‍ എക്‌സ്പീരിയന്‍സ് സെന്ററിലും, വരാനിരിക്കുന്ന എഫ്1 മെക്‌സിക്കോ , ലാസ് വെഗാസ് ഗ്രാന്‍ഡ് പ്രീ എന്നിവിടങ്ങളിലെ ഹെയ്നെക്കന്‍ സ്റ്റുഡിയോ ട്രക്കുകളിലും സന്ദര്‍ശകര്‍ക്ക് ഈ എഐ ബിയര്‍ സാങ്കേതികവിദ്യ നേരിട്ട് ആസ്വദിക്കാന്‍ അവസരമുണ്ടാകും. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം എത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.