
ദില്ലി : നിതി ആയോഗ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത് ഇന്ത്യയുടെ ജി 20 ഷെർപ്പയായി നിയമിതനായി. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് പകരമായി അമിതാഭ് കാന്തിനെ ഗ്രൂപ്പ് ഓഫ് ട്വന്റി (ജി 20) ഗ്രൂപ്പിംഗിനായുള്ള ഇന്ത്യയുടെ ഷെർപ്പയായി കേന്ദ്രം വ്യാഴാഴ്ച നിയമിച്ചു.
2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് മുന്നോടിയായാണ് ഈ നിയമനം, 2023-ൽ രാജ്യം സംഘടിപ്പിക്കുന്ന ആദ്യത്തെ G20 ഉച്ചകോടി വരെ അമിതാഭ് കാന്ത് തുടരും.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള പ്ലാറ്റ്‌ഫോമാണ് ജി 20. വ്യാവസായികവൽക്കരിക്കപ്പെട്ടതും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകൾക്കായുള്ള പ്രധാന ഫോറമാണ് ഇത്. ജി 20 ആഗോള സാമ്പത്തിക ഭരണത്തിൽ തന്നെ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നിതിആയോഗിൽ നിന്ന് കഴിഞ്ഞ മാസം വിരമിച്ച അമിതാഭ് കാന്ത് ജി 20 ഉച്ചകോടിയിൽ ഗവൺമെന്റിന്റെ തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത പ്രതിനിധിയായിരിക്കും. ഷെർപ്പ എന്ന നിലയിൽ, ഉച്ചകോടിക്ക് മുമ്പുള്ള മീറ്റിംഗുകളുടെയും പങ്കാളിയുമായുള്ള ചർച്ചകളുടെയും ഉത്തരവാദിത്തം അമിതാഭ് കാന്തിനായിരിക്കും.
ഈ വർഷം ഡിസംബറിൽ ജി 20 പ്രസിഡൻസി ഇന്ത്യയിൽ വരാനിരിക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാനിരിക്കുന്ന നിരവധി മീറ്റിംഗുകളിൽ പങ്കെടുക്കാൻ കഴിയുന്ന ഷെർപ്പയുടെ ആവശ്യം ഉണ്ടെന്ന് വിലയിരുത്തിയാണ് പുതിയ നിയമനം.
ധനമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ജി 20 ഷെർപ്പ എന്നിവരടങ്ങുന്ന ഒരു ഉന്നത സമിതിയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് മാർഗനിർദേശം നൽകുക. കൂടാതെ, ജി 20 തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനും അപെക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമായി ഒരു ഏകോപന സമിതി രൂപീകരിക്കും.