എസ്ബിഐക്ക് നാണക്കേട്: മുൻ ചെയർമാൻ അറസ്റ്റിൽ; നടപടി ബാങ്ക് ലേലം ചെയ്ത് വിറ്റ കെട്ടിടങ്ങളുടെ പേരിൽ

By Web TeamFirst Published Nov 1, 2021, 6:31 PM IST
Highlights

ജയ്‌സാൽമീറിലെ ഹോട്ടൽ ഗ്രൂപ്പിന്റെ രണ്ട് കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിലൂടെ വിറ്റ കേസിലാണ് നടപടി. 200 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ ജപ്തി ചെയ്ത് 25 കോടിക്കായിരുന്നു ലേലത്തിൽ വിറ്റത്

ദില്ലി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ (Ex-SBI Chairman) പ്രദീപ് ചൗധരിയെ (Pratip Chaudhary) പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വീട്ടിൽ നിന്നാണ് ജയ്‌സാൽമീർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയ്സാൽമീർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 

ജയ്‌സാൽമീറിലെ ഹോട്ടൽ ഗ്രൂപ്പിന്റെ രണ്ട് കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിലൂടെ വിറ്റ കേസിലാണ് നടപടി. 200 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ ജപ്തി ചെയ്ത് 25 കോടിക്കായിരുന്നു ലേലത്തിൽ വിറ്റത്. വായ്പാ തിരിച്ചടിവ് മുടങ്ങിയതിനെ തുടർന്നാണ് ഹോട്ടൽ ഗ്രൂപ്പിന്റെ കെട്ടിടം ജപ്തി ചെയ്തത്. 2008 ൽ കമ്പനി എസ്ബിഐയിൽ നിന്ന് 24 കോടി രൂപ വായ്പയെടുത്തിരുന്നു. ഈ സമയത്ത് ഗ്രൂപ്പിന്റെ മറ്റൊരു ഹോട്ടൽ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തുടർന്ന് വായ്പാ തിരിച്ചടവും മുടങ്ങിയതോടെ രണ്ട് കെട്ടിടങ്ങളും ബാങ്ക് ജപ്തി ചെയ്തു.

ലേലത്തിലൂടെ കെട്ടിടം ഏറ്റെടുത്ത കമ്പനി 2016 ൽ ഇവിടെ പ്രവർത്തനം തുടങ്ങി. 2017 ൽ ഈ കെട്ടിടങ്ങളുടെ മൂല്യം 160 കോടി രൂപയാണെന്ന് കണക്കാക്കപ്പെട്ടു. ഇതേ സമയത്ത് എസ്ബിഐയിൽ നിന്നും വിരമിച്ച പ്രദീപ് ചൗധരി കെട്ടിടങ്ങൾ ഏറ്റെടുത്ത കമ്പനിയിൽ ഡയറക്ടറായി ചുമതലയേറ്റു. ഇപ്പോൾ ഈ കെട്ടിടത്തിന്റെ മാർക്കറ്റ് വാല്യു 200 കോടിയാണ്. ഇതേ തുടർന്നാണ് കെട്ടിടങ്ങളുടെ മുൻ ഉടമകളായ ഹോട്ടൽ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

click me!