താപനില 40 ഡിഗ്രി കടന്നു; എഐ സെർവറുകൾ പണിമുടക്കുമോ? കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?

Published : Jul 06, 2026, 05:43 PM IST
Data Centre

Synopsis

ഇന്ത്യയിലും യൂറോപ്പിലും അനുഭവപ്പെടുന്ന കൊടും ചൂട് എഐ ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വർധിച്ച താപനില കൂളിങ് സിസ്റ്റങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകയും വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും, ഇത് സേവനങ്ങളെ തടസ്സപ്പെടുത്താൻ കാരണമായേക്കാം. ഈ വെല്ലുവിളി നേരിടാൻ ടെക് കമ്പനികൾ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ്.

ഇന്ത്യയിലും യൂറോപ്പിലും ഈ വര്‍ഷം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഈ പ്രതികൂല കാലാവസ്ഥ ഫാക്ടറികള്‍, ആണവനിലയങ്ങള്‍ എന്നിവയ്‌ക്കൊപ്പം എഐ ഡാറ്റാ സെന്ററുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. വലിയ ഡാറ്റാ സെന്ററുകളില്‍ ആയിരക്കണക്കിന് സെര്‍വറുകളാണ് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സാധാരണ അവസ്ഥയില്‍ തന്നെ ഇവ വലിയ തോതില്‍ ചൂട് പുറത്തുവിടും. പുറത്തെ ചൂട് വര്‍ധിക്കുമ്പോള്‍ ഇവയിലെ കൂളിങ് സിസ്റ്റം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടാനും, കൂളിങ് സിസ്റ്റം പരാജയപ്പെട്ടാല്‍ മെഷീനുകള്‍ അമിതമായി ചൂടാകാനും കാരണമാകും.

കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?

ഫസ്റ്റ് സ്ട്രീറ്റ് നടത്തിയ ഒരു പഠനമനുസരിച്ച്, ലോകത്തെ 79 ശതമാനം ഡാറ്റാ സെന്ററുകളും പ്രകൃതി ദുരന്തങ്ങളുടെ നിഴലിലാണ്. ഇത്തരം ദുരന്തങ്ങള്‍ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കാനും, ഓണ്‍ലൈന്‍ സേവനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കും. കൂടാതെ തകരാറുകള്‍ പരിഹരിക്കാനുള്ള വലിയ ചെലവുകള്‍ക്കും ഇത് കാരണമാകും. പുതിയ വിപണികള്‍ തേടി കമ്പനികള്‍ ഇറങ്ങിയതോടെ, ലോകത്തെ 64 ശതമാനം പുതിയ ഡാറ്റാ സെന്ററുകളും നിലവിലുള്ള പ്രധാന ഹബ്ബുകള്‍ക്ക് പുറത്താണ് നിര്‍മ്മിക്കുന്നത്. ബ്രസീല്‍ പോലെയുള്ള രാജ്യങ്ങളില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മാണം ഇപ്പോള്‍ അതിവേഗം വര്‍ധിക്കുകയാണ്.

കൊടും ചൂടിനെ ഡാറ്റാ സെന്ററുകള്‍ നേരിടുന്നത് എങ്ങനെ?

വര്‍ധിച്ചുവരുന്ന ചൂടില്‍ ഡാറ്റാ സെന്ററുകള്‍ തണുപ്പിച്ച് നിര്‍ത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഇതിനായി കടുത്ത കാലാവസ്ഥയെ നേരിടാന്‍ പാകത്തില്‍ ടെക് കമ്പനികള്‍ അവരുടെ കൂളിങ് സിസ്റ്റം പുനര്‍രൂപകല്‍പ്പന ചെയ്യുകയാണ്. എന്നാല്‍ ഇത് വൈദ്യുതിയുടെ ആവശ്യകത വലിയ തോതില്‍ വര്‍ധിപ്പിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാധാരണ അവസ്ഥയില്‍ തന്നെ ഒരു ഡാറ്റാ സെന്ററിന്റെ ആകെ വൈദ്യുതിയുടെ 40 ശതമാനവും ഉപയോഗിക്കുന്നത് കൂളിങ് സിസ്റ്റമാണ്. കൊടും ചൂടുള്ള സമയങ്ങളില്‍ ഇവയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വീണ്ടും കൂടും. ഇത് പലപ്പോഴും വൈദ്യുതി ക്ഷാമത്തിലേക്കോ പൂര്‍ണമായ പവര്‍കട്ടിലേക്കോ നയിച്ചേക്കാം. ഇതുകൊണ്ടുതന്നെ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ടെക് കമ്പനികള്‍ ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനം അധികം ബാധിക്കാത്ത സുരക്ഷിതമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ പകരമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം, ഉപകരണങ്ങളുടെ താപനില, വൈദ്യുതി ഉപയോഗം, മെഷീനുകളുടെ തകരാറുകള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനും കമ്പനികള്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ലോണിന് കരാറിലുള്ളതിനേക്കാൾ അധിക പലിശ ഈടാക്കി; കയ്യോടെ പിടിച്ച് ആർബിഐ, ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ
'നമുക്ക് നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം', കൂട്ടത്തോടെ ആളുകളുടെ ഒഴുക്ക്; സാധാരണക്കാർക്ക് താങ്ങാനാകാതെ ടയർ-2 നഗരങ്ങളും!