കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ടയർ-2 നഗരങ്ങളിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ചയുണ്ടായതായി ക്രിസിൽ റിപ്പോർട്ട്. പ്രീമിയം വീടുകളോടുള്ള താല്പര്യം വർധിക്കുകയും വിലകൾ കുതിച്ചുയരുകയും ചെയ്യുന്നത് ഈ മേഖലയിൽ പുതിയ അവസരങ്ങളും സാധാരണക്കാർക്ക് ആശങ്കകളും സൃഷ്ടിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ടയർ- 2 നഗരങ്ങളിലേക്ക് വീടുകൾ വാങ്ങാൻ ആളുകൾ ഓടിയെത്തുന്നുവെന്ന് കണക്കുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും വലിയ തോതിൽ ആളുകൾ ചേക്കേറുകയാണ്. മൊത്തത്തിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ക്രിസിൽ ഇന്റലിജൻസിന്റെ (Crisil Intelligence) റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ, വീടുകളുടെ വില വർദ്ധിക്കുന്നതും സാധാരണക്കാർക്ക് താങ്ങാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും വരും ദിവസങ്ങളിൽ ഈ മേഖലയെ ബാധിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാന കണ്ടെത്തലുകൾ

പ്രീമിയം വീടുകളോട് പ്രിയം: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിപണിയിലെത്തിയ പുതിയ വീടുകളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK കാറ്റഗറിയിൽ ഉള്ളവയാണ്. വലിയ വീടുകളോടുള്ള താല്പര്യം കാരണം ഭുവനേശ്വർ, ഇൻഡോർ, ലഖ്‌നൗ എന്നീ നഗരങ്ങളിൽ ശരാശരി വീടിന്റെ വില 1 കോടി രൂപയ്ക്ക് മുകളിലായി.

വില ഉയർന്ന നഗരങ്ങൾ: ഇൻഡോർ, ലഖ്‌നൗ, സൂററ്റ് എന്നീ നഗരങ്ങളിൽ ലഭ്യമായ ഭവനങ്ങളിൽ 20%-ത്തിലധികവും 2 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം വീടുകളാണ്. ഐടി മേഖലയുടെ വളർച്ചയും വ്യവസായ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണം.

ചതുരശ്ര അടിക്ക് 10,000 രൂപ: ഭുവനേശ്വർ, കോയമ്പത്തൂർ, ലഖ്‌നൗ എന്നീ നഗരങ്ങളിലെ ശരാശരി ഭവന വില ടയർ-1 നഗരങ്ങൾക്ക് സമാനമായി ചതുരശ്ര അടിക്ക് 10,000 രൂപയ്ക്ക് മുകളിലെത്തി.

അതേ സമയം, എല്ലാ ടയർ- 2 നഗരങ്ങളിലും വില ഒരുപോലെയല്ല വർദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇത് കൂടാതെ, 2020- നും 2025- നും ഇടയിൽ റീട്ടെയിൽ ഹോം ലോൺ വിതരണത്തിൽ 15 ശതമാനത്തിലധികം വളർച്ചയുണ്ടായി. ഇൻഡോർ, നാഗ്‌പൂർ, ജയ്‌പൂർ എന്നീ നഗരങ്ങളാണ് ഇതിൽ മുന്നിൽ. സൂററ്റ്, വഡോദര, ഭുവനേശ്വർ, നാസിക് എന്നീ നഗരങ്ങളിൽ പുതിയ അപ്പാർട്ടുമെന്റുകൾ വാങ്ങാനാണ് ആളുകൾ പ്രധാനമായും വായ്പ എടുക്കുന്നത്. എന്നാൽ ഇൻഡോർ, കോയമ്പത്തൂർ, ജയ്‌പൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിനും (Self-construction), നവീകരണത്തിനും (Renovation), റീസെയിൽ (Secondary-market) വീടുകൾ വാങ്ങുന്നതിനുമാണ് വായ്പകൾ കൂടുതൽ ഉപയോഗിക്കുന്നത്.

വീട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്

വില അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രിസിൽ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ വിലക്കയറ്റം, പ്രീമിയം വീടുകളുടെ വിറ്റഴിക്കൽ നിരക്ക്, ഡെവലപ്പർമാരുടെ സാമ്പത്തിക ഭദ്രത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം വേണം ടയർ-2 നഗരങ്ങളിൽ നിക്ഷേപം നടത്താൻ.