
ദില്ലി: ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ശതമാനം ഉയർന്നു. 49.97 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. 2018-19 സാമ്പത്തിക വർഷത്തിൽ 44.36 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടന്നത്.
സർവീസ് സെക്ടറിൽ 7.85 ബില്യൺ ഡോളറും കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ആന്റ് ഹാർഡ്‌വെയറിൽ 4.57 ബില്യൺ ഡോളറിന്റെയും ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് 4.44 ബില്യൺ ഡോളറിന്റെയും വ്യാപാര രംഗത്ത് 4.57 ബില്യൺ ഡോളറിന്റെയും ഓട്ടോമൊബൈൽ രംഗത്ത് 2.82 ബില്യൺ ഡോളറിന്റെയും നിർമ്മാണ മേഖലയിൽ രണ്ട് ബില്യൺ ഡോളറിന്റെയും നിക്ഷേപമാണ് എത്തിയത്.
സിങ്കപ്പൂരിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 14.67 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സിങ്കപ്പൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ കമ്പനികളിലേക്ക് എത്തിയത്. എന്നാൽ, കൊവിഡിനെ തുടർന്നുള്ള ആഗോള സാഹചര്യം ഇന്ത്യയിൽ പോലും ഈ സാമ്പത്തിക വർഷം കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ 2019 -20 സാമ്പത്തിക വർഷത്തിലുണ്ടായ വർധനവ് ഈ സാമ്പത്തിക വർഷത്തിലും ഉണ്ടാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.