കൊവിഡ് പ്രതിസന്ധി; അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി

By Web TeamFirst Published May 28, 2020, 10:55 PM IST
Highlights

ഏപ്രിൽ മാസത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് 20 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. 

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ ആഴ്ച 21 ലക്ഷം പേർ കൂടി തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷ നൽകി. ഇതോടെ കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി ഉയർന്നുവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേസമയം, ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും ഇടിവുണ്ടായി.

ഇപ്പോഴും ഈ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം 25 ദശലക്ഷത്തിൽ നിന്ന് 21 ദശലക്ഷത്തിലേക്ക് ഇടിഞ്ഞത് വലിയ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം കാണുന്നത്. ഇവിടെ ഇതുവരെ ഒരു ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കണക്ക്. വിയറ്റ്നാം, കൊറിയൻ യുദ്ധങ്ങളിൽ മരിച്ച സൈനികരുടെ എണ്ണത്തേക്കാളേറെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.

ഏപ്രിൽ മാസത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് 20 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. കടകളും ഭക്ഷണശാലകളും സലൂണുകളും ജിമ്മുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി കൊടുത്തതോടെയാണ് പുതിയ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്ന് കരുതുന്നു. അതേസമയം ഇപ്പോഴത്തെ ആഘാതത്തിൽ നിന്ന് തിരിച്ച് വരാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദ്രുടെ വിലയിരുത്തൽ.

click me!