ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി

By Web TeamFirst Published Jul 11, 2021, 9:55 PM IST
Highlights

ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായി മൂന്ന് വർഷത്തേക്ക് കൂടി ശ്യാം ശ്രീനിവാസന്റെ കാലാവധി നീട്ടിയ തീരുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. 2024 സെപ്തംബർ 23 വരെയാണ് കാലാവധി നീട്ടിയത്.

മുംബൈ: ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായി മൂന്ന് വർഷത്തേക്ക് കൂടി ശ്യാം ശ്രീനിവാസന്റെ കാലാവധി നീട്ടിയ തീരുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. 2024 സെപ്തംബർ 23 വരെയാണ് കാലാവധി നീട്ടിയത്.

2010 സെപ്തംബർ 23 മുതൽ ശ്യാമാണ് ഫെഡറൽ ബാങ്കിന്റെ തലപ്പത്ത്. സിഇഒ പദവിയിൽ ഇദ്ദേഹം ഇതിനോടകം മൂന്ന് ടേം പൂർത്തിയാക്കി. ഇതിന് മുൻപും ബാങ്ക് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടാൻ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് 2021 സെപ്തംബർ 23 വരെ കാലാവധി നീട്ടിയത്. ഇതാണിപ്പോൾ 2024 ലേക്ക് നീട്ടിയിരിക്കുന്നത്.

ആജീവനാന്ത ഡയറക്ടർമാരുടെയും സിഇഒമാരുടെയും കാലാവധി തുടർച്ചയായി 12 വർഷമാക്കി റിസർവ് ബാങ്ക് നിയമ ഭേദഗതി വരുത്തിയിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ സിഇഒയുടെ കാലാവധി 15 വർഷം വരെ അനുവദിക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുള്ളതാണ്.

നിലവിൽ ഫെഡറൽ ബാങ്കിന്റെ എംഡിയും സിഇഒയുമായി കൂടുതൽ കാലം പ്രവർത്തിച്ചതിന്റെ റെക്കോർഡ് കൂടി ശ്യാം ശ്രീനിവാസന്റെ പേരിലുണ്ട്. ഫെഡറൽ ബാങ്കിന്റെ ആപ്പിൽ യുപിഐ പേമെന്റ്സ് സംവിധാനം കൂടി ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ബാങ്കിന്റെ 86 ശതമാനം ഇടപാടുകളും ഡിജിറ്റൽ വഴിയാണ് നടക്കുന്നതെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു.

click me!