
2026 ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അമേരിക്കന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ബാറുകളിലും പബ്ബുകളിലും അലയടിക്കുകയാണ്. വര്‍ഷങ്ങളായി വില്‍പ്പനയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്ന അമേരിക്കന്‍ ബിയര്‍ വിപണിക്ക് ജീവവായു നല്‍കിയിരിക്കുകയാണ് ഫിഫ ലോകകപ്പ്. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലെല്ലാം ബിയര്‍ വില്‍പ്പന വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
'ബിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ കണക്കുകള്‍ പ്രകാരം, ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന നഗരങ്ങളിലെ റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ബിയര്‍ വില്‍പ്പനയില്‍ 15.4 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയിലാകെ ഓണ്‍- ട്രേഡ് ബിയര്‍ വില്‍പ്പനയില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടായി.
കുപ്പികളിലും കാനുകളിലുമായി വില്‍ക്കുന്ന പാക്കേജ്ഡ് ബിയറിന് 19.2 ശതമാനമാണ് ഡിമാന്‍ഡ് വര്‍ധിച്ചത്. എന്നാല്‍ ടാപ്പുകളില്‍ നിന്ന് നേരിട്ട് നല്‍കുന്ന 'ഡ്രാഫ്റ്റ് ബിയറി'നാണ് ആരാധകര്‍ക്കിടയില്‍ പ്രിയം കൂടുതല്‍. മത്സരമുള്ള നഗരങ്ങളില്‍ ഡ്രാഫ്റ്റ് ബിയര്‍ വില്‍പ്പന 14.21 ശതമാനം വര്‍ധിച്ചപ്പോള്‍, മറ്റ് പ്രദേശങ്ങളില്‍ 6.21 ശതമാനമാണ് വളര്‍ച്ച.
സ്റ്റേഡിയങ്ങളിലെ ബിയര്‍ വില്‍പ്പന 22 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സ്റ്റേഡിയങ്ങളില്‍ ബിയറിന് വലിയ വിലയാണ് ഈടാക്കുന്നത്. ഒരു ബിയറിന് 15 മുതല്‍ 20 ഡോളര്‍ വരെയാണ് സ്റ്റേഡിയങ്ങളിലെ വില (ഏകദേശം 1440 രൂപ മുതല്‍ 1920 രൂപ വരെ). പുറത്ത് കുറഞ്ഞ വിലയ്ക്ക് ബിയര്‍ ലഭിക്കുമെങ്കിലും കളി കാണുന്ന ആവേശത്തില്‍ സ്റ്റേഡിയങ്ങളില്‍ നിന്ന് ഉയര്‍ന്ന വില നല്‍കി ബിയര്‍ വാങ്ങാന്‍ ആരാധകര്‍ക്ക് യാതൊരു മടിയുമില്ല.
മസാച്യുസെറ്റ്സിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും ലോകകപ്പിന്റെ ആദ്യ ആഴ്ചകളില്‍ വില്‍പ്പനയില്‍ 27.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. സ്‌കോട്ട്ലന്‍ഡ് ടീമിന്റെ ആരാധകരുടെ വരവാണ് ബോസ്റ്റണില്‍ വില്‍പ്പന കുത്തനെ ഉയര്‍ത്തിയത്. ഇവിടെ തിരക്ക് കൂടിയതോടെ 'സാം ആഡംസ് ഡൗണ്‍ടൗണ്‍ ടാപ്പ്‌റൂം' പോലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി പുതിയ ബിയര്‍ സ്റ്റോക്കുകള്‍ എത്തിക്കേണ്ടി വന്നു. കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തിലും ലെവീസ് സ്റ്റേഡിയത്തിലും നടന്ന മത്സരങ്ങളും ബിയര്‍ കമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കി. കാലിഫോര്‍ണിയ സംസ്ഥാനത്തെ ഓണ്‍-ട്രേഡ് ബിയര്‍ വില്‍പ്പന 17.9 ശതമാനമാണ് ഉയര്‍ന്നത്. 6 മത്സരങ്ങള്‍ക്ക് വേദിയായ ഫിലാഡല്‍ഫിയയില്‍ ഇതിനോടകം 2,90,000-ത്തിലധികം ബിയറുകളാണ് ആരാധകര്‍ കുടിച്ചുതീര്‍ത്തത്!
ലോകകപ്പ് മത്സരങ്ങള്‍ നടക്കാത്ത അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലും ആളുകള്‍ സ്‌പോര്‍ട്‌സ് ബാറുകളിലും മറ്റും കളി കാണാന്‍ ഒത്തുചേരുന്നതിനാല്‍ പാനീയങ്ങളുടെ വില്‍പ്പനയില്‍ 1 മുതല്‍ 3 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടക്കാനിരിക്കുന്നതിനാല്‍ അമേരിക്കന്‍ ബിയര്‍ വിപണിക്ക് ഈ ലോകകപ്പ് വലിയൊരു സാമ്പത്തിക നേട്ടമായി മാറുമെന്നാണ് വ്യവസായ മേഖലയുടെ വിലയിരുത്തല്‍.