ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, കാറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും.

ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇനി ഇന്ത്യയില്‍ വില കുറയും. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. മറുവശത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ ബ്രിട്ടീഷ് വിപണിയില്‍ പ്രവേശിക്കാനും കരാര്‍ വഴിയൊരുക്കും. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2025 ജൂലൈ 24-നാണ് ഇന്ത്യയും യുകെയും ഈ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരാര്‍ വരുന്നതോടെ ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഒറ്റയടിക്ക് കുറയും. 10 വര്‍ഷം കൊണ്ട് ഇത് 40 ശതമാനമായി കുറയാനാണ് സാധ്യത. വാഹനപ്രേമികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. നിലവില്‍ 110 ശതമാനം വരെ ഇറക്കുമതി തീരുവയുള്ള ബ്രിട്ടീഷ് കാറുകളുടെ നികുതി 10 വര്‍ഷം കൊണ്ട് 10 ശതമാനമായി കുറയും . എന്നാല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറയും.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ വസന്തകാലം

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ കരാര്‍ സഹായിക്കും. 99 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍, ചെരുപ്പുകള്‍, കായിക ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ഇതിന് പുറമെ എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, ഓര്‍ഗാനിക് കെമിക്കലുകള്‍ എന്നിവയ്ക്കും വലിയ വിപണി ലഭിക്കും.

യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് (പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവര്‍ക്ക്) ഈ കരാര്‍ വലിയ ആശ്വാസമാണ്. 'ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍' ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ബ്രിട്ടനിലെ സോഷ്യല്‍ സെക്യൂരിറ്റിയിലേക്ക് ഇന്ത്യക്കാര്‍ നല്‍കിയിരുന്ന തുക ഒഴിവാകും. പകരം ഈ തുക ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും, അതിന് പലിശ നേടാനും സാധിക്കും.

കര്‍ഷകര്‍ക്ക് ആശങ്കവേണ്ട

ഇന്ത്യന്‍ കര്‍ഷകരെയും ചെറുകിട ക്ഷീരകര്‍ഷകരെയും ബാധിക്കാതിരിക്കാന്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, പഞ്ചസാര, അരി, പോര്‍ക്ക്, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെ ഇറക്കുമതി തീരുവ ഇളവുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

2025-26 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ-യുകെ വ്യാപാരം 25.13 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. (2024-25 ല്‍ ഇത് 23.13 ബില്യണ്‍ ഡോളറായിരുന്നു).ഇന്ത്യയുടെ കയറ്റുമതി 13.44 ബില്യണ്‍ ഡോളറും, ഇറക്കുമതി 11.68 ബില്യണ്‍ ഡോളറുമാണ്.ഈ കരാറിലൂടെ പത്ത് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 900 ദശലക്ഷം പൗണ്ടിന്റെ നികുതി ലാഭമുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കാര്‍ക്ക് 220 ദശലക്ഷം പൗണ്ടിന്റെ ലാഭവും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.2040 ആകുമ്പോഴേക്കും ബ്രിട്ടനില്‍ നിന്നുള്ള കയറ്റുമതിയില്‍ 60 ശതമാനത്തിന്റെയും, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 25 ശതമാനത്തിന്റെയും വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് വഴി യുകെയുടെ ജിഡിപിയില്‍ 0.13 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും.