
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം ഫൈനൽ ദിവസമടുക്കുമ്പോഴേക്കും കൂടിക്കൂടി വരികയാണ്. ഈ ഫുട്ബോൾ ആവേശം കളിക്കളത്തിൽ മാത്രമല്ല, ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും വമ്പൻ ബിസിനസ് വളർച്ചയാണ് ഉണ്ടാക്കുന്നത്. മത്സരങ്ങൾ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രി 12:30, പുലർച്ചെ 3:30, 6:30 എന്നീ സമയങ്ങളിലായതിനാൽ, കളി കാണാനായി ഉറക്കമിളച്ചിരിക്കുന്ന ഫുട്ബോൾ പ്രേമികൾ അർദ്ധരാത്രിക്ക് ശേഷവും വൻതോതിൽ ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്. ജൂൺ 11-ന് ആരംഭിച്ച് ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കം പ്രമാണിച്ച് പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളും ഡെലിവറി ആപ്പുകളും പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി (Swiggy) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ചകളിൽ (ജൂൺ 11 - ജൂൺ 24) എറ്റവും കൂടുതൽ ഓർഡറുകൾ വന്നത് രാത്രി 11 മുതൽ 12 വരെയുള്ള സമയത്തായിരുന്നു. ഇതാണ് കളിദിവസങ്ങളിലെ ഏറ്റവും തിരക്കേറിയ സമയം. ഈ സമയത്ത് ഏറ്റവും കൂടുതൽ ഡെലിവറി ചെയ്തത് പിസ, ബർഗർ, ഫ്രൈസ്, വിവിധതരം പാനീയങ്ങൾ എന്നിവയായിരുന്നു. കൂടുതൽ ഓർഡറുകൾ വന്നത് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. വളർന്നു വരുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചിട്ടുണ്ട്. സൂററ്റ്, തിരുവനന്തപുരം, പട്ന എന്നിവയാണ് ഈ സ്ഥലങ്ങൾ.
ഇത് വരെയുള്ള കണക്കുകൾ അനുസരിച്ച് ഇതിൽ റെക്കോർഡ് ഓർഡർ നടത്തിയത് ചണ്ഡീഗഢിൽ നിന്നുള്ള ഒരാളാണ്. ചിക്കൻ വിങ്സ്, ഹണി ചില്ലി പൊട്ടറ്റോ, ഹണി ചില്ലി കോളിഫ്ളവർ തുടങ്ങിയ വിഭവങ്ങൾക്കായി 16,444 രൂപയാണ് ഈ സമയത്ത് ചെലവഴിച്ചതെന്ന കണക്കാണ് സ്വിഗ്ഗി പുറത്തു വിട്ടിരിക്കുന്നത്. ഈ സീസണിലെ രാജ്യത്തെ ഏറ്റവും ഉയർന്ന സിംഗിൾ ഓർഡർ തുകയാണിത്.
അതേ സമയം, വമ്പൻ ഓഫറുകളുമായി മക്ഡൊണാൾഡ്സ് (McDonald's)ഈ ലോകകപ്പ് വിപണി ലക്ഷ്യമിട്ട് മക്ഡൊണാൾഡ്സ് 'മിനി ബോൾ മീൽസ്' (Mini Ball Meals) എന്ന പേരിൽ പുതിയ കോംബോ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ മുതൽ ആരംഭിക്കുന്ന ഈ ഓഫറിൽ രണ്ട് പേർക്കുള്ള ബർഗറുകൾ, ഫ്രൈസ്, കോക്ക് എന്നിവയ്ക്കൊപ്പം കോക്കകോള ബ്രാൻഡഡ് കളക്റ്റബിൾ മിനി ഫുട്ബോളും സൗജന്യമായി ലഭിക്കും. മുംബൈ, ഗോവ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഈ ഓഫറിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.
സീ എന്റർടൈൻമെന്റ് (Zee Entertainment) പുറത്തു വിട്ട കണക്കുകൾ പ്രകാരം, Unite8 സ്പോർട്സ് ചാനലുകളിലൂടെയും ZEE5 ആപ്പിലൂടെയും ഇന്ത്യയിൽ ലോകകപ്പ് കാണുന്ന കാഴ്ച്ചക്കാരുടെ എണ്ണം 10 കോടി കടന്നു. ഇത് ആദ്യ ആഴ്ച്ചയിലെ കണക്കാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ്, ജൂൺ 29 മുതൽ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) മത്സരങ്ങൾ ആരംഭിച്ചതോടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻ ടീമുകൾ നേർക്കുനേർ വരുന്നതോടെ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിലെ ഫുഡ് ഓർഡറുകൾ ഇനിയും ഉയരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.