3 രാജ്യങ്ങളിൽ 104 മത്സരങ്ങൾ; മലയാളിയുടെ ലോകകപ്പ് പ്രേമം വാനോളം, വൻ യാത്രാച്ചെലവും വിസയും വെല്ലുവിളികൾ

Published : Jun 06, 2026, 02:10 PM IST
FIFA World Cup Trophy

Synopsis

2022 ലെ ലോകകപ്പ് ഖത്തറില്‍ വച്ചായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പൊതുവില്‍ മലയാളികള്‍ക്ക് ഏതാണ്ട് സ്വന്തം സ്ഥലം പോലെത്തന്നെയാണ്. കഴിഞ്ഞ ലോകകപ്പ് നടക്കുമ്പോള്‍ മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മത്സരം കാണാനെത്തിയത്. എന്നാല്‍, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്.ചില അന്താരാഷ്ട്ര സാഹചര്യങ്ങള്‍  ഇന്ത്യയിലെ കായിക പ്രേമികളെ അലട്ടുന്നുണ്ട്.

ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് ഇനി അധികം നാളുകളില്ല. ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന, യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വേള്‍ഡ് കപ്പ്! 64 മത്സരങ്ങള്‍ക്ക് പകരം 104 മത്സരങ്ങളാണ് ഉണ്ടാകുക. ഇത്തവണയും ഇന്ത്യയില്ല, ഒരു ലോകകപ്പിന്റെ ഭാഗമാവുക എന്നത് ഇന്ത്യന്‍ കായിക പ്രേമികളുടെ ദശാബ്ദങ്ങളായുള്ള ആഗ്രഹമാണ്. ഇന്ത്യയില്ല എന്നുള്ളതൊന്നും, രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളുടെ ഊര്‍ജം കെടുത്തുന്നില്ല.

ഇക്കഴിഞ്ഞ 2022 ലെ ലോകകപ്പ് ഖത്തറില്‍ വച്ചായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പൊതുവില്‍ മലയാളികള്‍ക്ക് ഏതാണ്ട് സ്വന്തം സ്ഥലം പോലെത്തന്നെയാണ്. അതു കൊണ്ട് തന്നെ ഖത്തറില്‍ കഴിഞ്ഞ ലോകകപ്പ് നടക്കുമ്പോള്‍ മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മത്സരം കാണാനെത്തിയിരുന്നത്. എന്നാല്‍, ഇത്തവണ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പ്രാപ്യമായ ഇടങ്ങളല്ല. എന്നാല്‍, ഈ ചില അന്താരാഷ്ട്ര സാഹചര്യങ്ങള്‍ ചെറുതായെങ്കിലും ഇന്ത്യയിലെ കായിക പ്രേമികളെ അലട്ടുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം ഫ്‌ലൈറ്റ് ചാര്‍ജ് ഉള്‍പ്പെടെ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് പറക്കുന്നതിന്റെ എത്രയോ ഇരട്ടിയോളമാണ് അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചെലവിടേണ്ടത്. ഇത് കൂടാതെ സീസണ്‍ ആയതിനാല്‍ താമസത്തിനും ഭക്ഷണത്തിനുമടക്കം വമ്പന്‍ ചെലവായിരിക്കും ഈ നഗരങ്ങളില്‍ ഉണ്ടാകുക. ക്രൂഡ് ഓയില്‍ വില വര്‍ധവും ഇതിലെ ഒരു പ്രധാന വില്ലനായി. എങ്കിലും ഇന്ത്യയില്‍ നിന്നുള്ള ആരാധകരും മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ്.

ഇനി, ലോകകപ്പ് മത്സരങ്ങൾ കാണാന്‍ പോകാന്‍ എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന് നോക്കാം.. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിസ തന്നെയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കൃത്യമായ പ്ലാനിംഗ് വേണം. ആദ്യം ചെയ്യേണ്ടത് അമേരിക്കന്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുക എന്നതാണ്. ഓണ്‍ലൈനായി DS- 160 ഫോം പൂരിപ്പിച്ച്, 185 ഡോളര്‍ ഫീസും അടച്ച് ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യണം. ഇന്ത്യന്‍ രൂപയില്‍ 17,647.70 ആണിത്. ഇന്ത്യയില്‍ യുഎസ് വിസയ്ക്കുള്ള വെയ്റ്റിംഗ് പിരീഡ് വളരെ കൂടുതലാണെന്ന് ശ്രദ്ധിക്കണം. അതേ സമയം, കൈയില്‍ വാലിഡായ യുഎസ് വിസ ഉണ്ടെങ്കില്‍, മെക്സിക്കോയിലേക്ക് പ്രത്യേക വിസ ആവശ്യമില്ല. അവിടെ എത്തുമ്പോള്‍ എടുക്കുന്ന ഒരു ടൂറിസ്റ്റ് കാര്‍ഡ് മാത്രം മതിയാകും.

ഇനി കാനഡയുടെ കാര്യം. കാനഡയിലേക്ക് വിസിറ്റര്‍ വിസ വേണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാനഡ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലോ, അല്ലെങ്കില്‍ വാലിഡായ യു എസ് നോണ്‍- ഇമിഗ്രന്റ് വിസ നിങ്ങളുടെ കൈവശം ഉണ്ടെങ്കിലോ, എളുപ്പത്തില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ വഴി അപേക്ഷിക്കാം. ഇത് വളരെ വേഗത്തില്‍ ലഭിക്കും.

വിസയ്ക്കൊപ്പം തന്നെ നോക്കേണ്ടതാണ് മാച്ച് ടിക്കറ്റുകള്‍. ടിക്കറ്റുകള്‍ ഫിഫയുടെ ഒഫീഷ്യല്‍ ടിക്കറ്റ് പോര്‍ട്ടല്‍ വഴി മാത്രമേ വാങ്ങാവൂ. ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് പണം കളയരുത്. ഇത്തവണ ടിക്കറ്റുകള്‍ 100% ഡിജിറ്റല്‍ ആണ്. അതുകൊണ്ട് കളി കാണാന്‍ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും നിര്‍ബന്ധമാണ്. പേപ്പര്‍ പ്രിന്റൗട്ടുകള്‍ സ്റ്റേഡിയത്തില്‍ സ്വീകരിക്കില്ല. അടുത്തത് ഫ്ളൈറ്റുകളാണ്. ദില്ലി, മുംബൈ, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കും കാനഡയിലെ ടൊറന്റോയിലേക്കും നേരിട്ട് ഫ്ളൈറ്റുകളുണ്ട്.

ഇത്തവണ ലോകകപ്പ് നടക്കുന്നത് 3 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 16 സ്റ്റേഡിയങ്ങളിലാണ്. അതുകൊണ്ട് ഒരു സിറ്റിയില്‍ നിന്ന് അടുത്ത സിറ്റിയിലേക്ക് പോകാന്‍ ആഭ്യന്തര വിമാനങ്ങളോ ട്രെയിനുകളോ മുൻകൂ‍‌ർ ബുക്ക് ചെയ്യണം. ടൂര്‍ണമെന്റ് സമയത്ത് വില കുതിച്ചുയരും. നോര്‍ത്ത് അമേരിക്കയില്‍ ലാന്‍ഡ് ചെയ്യുന്ന നിമിഷം മുതല്‍ ഇന്റര്‍നെറ്റ് കിട്ടാന്‍ ഇന്ത്യയില്‍ നിന്ന് തന്നെ ഒരു ഗ്ലോബല്‍ റോമിംഗ് പാക്ക് എടുക്കുകയോ, അല്ലെങ്കില്‍ ഓണ്‍ലൈനായി ഇന്റര്‍നാഷണല്‍ ഇ- സിം ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുക. ഡിജിറ്റല്‍ ടിക്കറ്റ് ഓപ്പണ്‍ ചെയ്യാനും ക്യാബ് ബുക്ക് ചെയ്യാനും ഇത് ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ദിവസവാടകയ്ക്ക് ഒരു കൂട്ട്; 'റെന്റ് എ ബോയ്ഫ്രണ്ട്' ഇന്ത്യയിലും! 1500 രൂപ കൊടുത്താൽ ഈ ഓപ്ഷനുകൾ
ആന്‍ഡമാന്‍ കടലില്‍ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയില്‍ ഇന്ത്യ; പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റം