കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍

Published : Jan 24, 2026, 04:20 PM IST
imf says india global growth engine 2025 26 gdp forecast upgrade

Synopsis

ജിഡിപി കണക്കുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ കരുത്ത് അളക്കാന്‍ സഹായിക്കുന്ന മറ്റ് അഞ്ച് പ്രധാന ഘടകങ്ങള്‍ 

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്ക് സ്വന്തമാണെങ്കിലും, പുറത്തുവരുന്ന പുതിയ കണക്കുകള്‍ ചില ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 8 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നികുതി വരുമാനത്തിലും സര്‍ക്കാര്‍ ചെലവുകളിലും ഇത് പ്രതിഫലിച്ചേക്കാം.

ജിഡിപി കണക്കുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ കരുത്ത് അളക്കാന്‍ സഹായിക്കുന്ന മറ്റ് അഞ്ച് പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

1. സാധാരണക്കാരന്റെ ഷോപ്പിംഗ്

എത്ര തവണ ബിസ്‌ക്കറ്റോ ഷാംപൂവോ വാങ്ങാന്‍ കടയില്‍ പോകുന്നു എന്നത് രാജ്യത്തെ ഉപഭോഗത്തിന്റെ വലിയൊരു സൂചകമാണ്. കോവിഡിന് ശേഷം ആദ്യമായി, ഇന്ത്യക്കാരുടെ ഷോപ്പിംഗുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ് (വര്‍ഷത്തില്‍ 157 തവണ). എന്നാല്‍ ജിഎസ്ടി വെട്ടിക്കുറച്ചതോടെ സോപ്പ്, ഷാംപൂ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില്പനയില്‍ നേരിയ വര്‍ദ്ധനവ് കണ്ടുതുടങ്ങിയിട്ടുണ്ട്. വലിയ കമ്പനികളുടെ ലാഭത്തേക്കാള്‍ സാധാരണക്കാരന്റെ പോക്കറ്റിലെ അവസ്ഥ അറിയാന്‍ ഈ ഷോപ്പിംഗ് കണക്കുകള്‍ സഹായിക്കും.

2. കമ്പനികള്‍ പണം മുടക്കാന്‍ തയ്യാറാണോ?

രാജ്യത്തെ വ്യവസായ മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 23.9 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച സ്ഥാനത്ത് ഇത്തവണ അത് 26.6 ലക്ഷം കോടിയായി ഉയര്‍ന്നു. വൈദ്യുതി, കെമിക്കല്‍സ്, ഐടി, ഗതാഗതം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം വരുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടങ്ങള്‍.

3. കടമെടുക്കാനുള്ള ചെലവ്

ബാങ്ക് പലിശ നിരക്കുകളില്‍ കുറവുണ്ടായിട്ടും സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ ഉയര്‍ന്ന നിലയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. സര്‍ക്കാരും സംസ്ഥാനങ്ങളും വലിയ തോതില്‍ കടമെടുക്കുന്നത് ഇതിന് കാരണമാണ്. ഇത് വ്യവസായങ്ങള്‍ക്കും സര്‍ക്കാരിനും മൂലധനം സമാഹരിക്കുന്നത് ചെലവേറിയതാക്കുന്നു. ഈ ഉയര്‍ന്ന പലിശ നിരക്ക് പുതിയ നിക്ഷേപങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

4. പുതിയ വിദേശ വിപണികള്‍

അമേരിക്കയുടെ ഇറക്കുമതി തീരുവയും യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി നികുതിയും ഇന്ത്യന്‍ കയറ്റുമതിക്ക് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും ഇന്ത്യ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. സ്‌പെയിനിലേക്കുള്ള ഇന്ധന കയറ്റുമതിയും വിയറ്റ്നാം, റഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയും വര്‍ദ്ധിക്കുന്നത് ശുഭസൂചനയാണ്. ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്നതോടെ കയറ്റുമതി മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

5. വിദേശ നിക്ഷേപകരുടെ താല്പര്യം

ലോകമെമ്പാടുമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ ഇന്ത്യയില്‍ പണം മുടക്കുന്നത് കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇത്തരം നിക്ഷേപങ്ങളില്‍ 72 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകരുടെ പണം കൂടുതലായി അമേരിക്കയിലേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പണം അത്യാവശ്യമായതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപം തിരിച്ചു വരുമോ എന്നത് നിര്‍ണ്ണായകമാണ്.

ചുരുക്കത്തില്‍, വെറും ജിഡിപി കണക്കുകള്‍ മാത്രമല്ല, ജനങ്ങളുടെ വാങ്ങല്‍ ശേഷിയും കമ്പനികളുടെ നിക്ഷേപ താല്പര്യവും കയറ്റുമതിയിലെ വൈവിധ്യവുമാണ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി നിശ്ചയിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ആർബിഐ
ചരിത്രത്തിലാദ്യമായി വെള്ളി വില ഔൺസിന് 100 ഡോളർ കടന്നു; നിക്ഷേപർ അറിയേണ്ടതെല്ലാം