മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികളുടെയും ഡിസ്‌പ്ലേ അസംബ്ലികളുടെയും നിര്‍മ്മാണ സാമഗ്രികളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. 2029 മാര്‍ച്ച് വരെയാണ് ഈ ഇളവ്. രാജ്യത്തിനകത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയ്ക്ക് വന്‍ കുതിപ്പേകാന്‍ ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികള്‍, ഡിസ്‌പ്ലേ അസംബ്ലികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി. രാജ്യത്തിനകത്ത് തന്നെ ഇത്തരം ഘടകങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2029 മാര്‍ച്ച് വരെയാണ് ഈ ഇളവ് ലഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീരുവ ഒഴിവാക്കിയത് എന്തിനെല്ലാം?

ലിഥിയം അയണ്‍ സെല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 85 തരം വസ്തുക്കള്‍ക്കാണ് കസ്റ്റംസ് ഡ്യൂട്ടി ഇളവ് നല്‍കിയിരിക്കുന്നത്. കാഥോഡ്-ആനോഡ് എക്‌സ്ട്രൂഷന്‍ കോട്ടിംഗ് മെഷീനുകള്‍, പൗഡര്‍ ഡ്രയറുകള്‍, സ്ലറി ട്രാന്‍സ്ഫര്‍ സിസ്റ്റംസ്, ബാക്ക് ലൈറ്റ് യൂണിറ്റുകള്‍, ഫ്രെയിമുകള്‍ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ മൊബൈല്‍ ഫോണുകളിലെ വയര്‍ലെസ് ചാര്‍ജിംഗിനായുള്ള ഇന്‍ഡക്ടര്‍ കോയില്‍ മൊഡ്യൂളുകളുടെ നിര്‍മ്മാണ വസ്തുക്കള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് മാത്രമുള്ള ലിഥിയം ബാറ്ററികള്‍ക്കായിരുന്നു ഇളവുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തോടെ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഏത് ആവശ്യത്തിനുള്ള ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനും ഈ ആനുകൂല്യം ലഭിക്കും.

നേട്ടങ്ങള്‍ എന്തൊക്കെ?

വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യാവസായിക മേഖലകള്‍ എന്നിവയിലുള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ഡിസ്‌പ്ലേ അസംബ്ലികളുടെ ആഭ്യന്തര നിര്‍മ്മാണത്തിന് ഈ നീക്കം വലിയ ഊര്‍ജ്ജം പകരും. പ്രധാന ഘടകങ്ങളുടെ ഇറക്കുമതിച്ചെലവ് കുറയുന്നത് വഴി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വലിയ നേട്ടമാകും

വിദേശ നിക്ഷേപത്തിലെ മാറ്റങ്ങള്‍

ഉല്‍പ്പാദനം വര്‍ധിക്കുമ്പോഴും, ഇലക്ട്രോണിക്‌സ് മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടായതായി അക്കാദമി ഓഫ് ബിസിനസ് സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ കെ.എസ്. ചലപതി റാവു ചൂണ്ടിക്കാട്ടി. മുന്‍ സാമ്പത്തിക വര്‍ഷം 2.04 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപം നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 1.15 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപങ്ങള്‍ ഒരുപരിധിവരെ പൂര്‍ത്തിയായതാകാം ഇതിന് കാരണമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.