ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍

Sangeetha KS   | ANI
Published : Aug 01, 2026, 04:18 PM IST
Shopping

Synopsis

ഇന്ത്യയിലെ പ്രമുഖ കമ്പനികൾ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് കാരണം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങുന്നു. ടൂത്ത് പേസ്റ്റ്, പെയിന്റ്, ഡിറ്റർജന്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഉത്സവ സീസണിന് മുന്നോടിയായി വില വർധിക്കും.

ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതാണ് പ്രധാന കാരണം. വരും മാസങ്ങളിലും ഈ വിലക്കയറ്റം തുടരുമെന്നാണ് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൂത്ത് പേസ്റ്റ്, വാഹനങ്ങളുടെ ടയറുകള്‍, പെയിന്റ് തുടങ്ങിയവയ്ക്കാണ് ഉത്സവ സീസണിന് മുന്നോടിയായി പ്രധാനമായും വില വര്‍ധിക്കുക.

ഏതൊക്കെ കമ്പനികളാണ് വില കൂട്ടുന്നത്?

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ദൊഡ്ല ഡയറി തുടങ്ങി കുറഞ്ഞത് എട്ട് കമ്പനികളെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകുന്ന ബാറുകള്‍ തുടങ്ങിയവയുടെ വില വര്‍ധിപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ കാരണം ഹോം കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില കമ്പനി ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വ്യക്തമാക്കി.

ഗാര്‍ഹിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഹാവെല്‍സ് ഇന്ത്യ ഇതിനോടകം തന്നെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 8 ശതമാനം വരെ വില കൂട്ടിയിട്ടുണ്ട്. ഗതാഗതച്ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും കൂടിയതോടെ ടാറ്റയുടെ ഉപ്പിന് 7 ശതമാനത്തോളമാണ് വില വര്‍ധിച്ചത്. അടുക്കള സാധനങ്ങള്‍ മുതല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് വരെ വിലക്കയറ്റം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഉത്സവകാലം, കീശ കാലിയാകും

ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നീളുന്ന ഉത്സവ സീസണിലാണ് ഈ വിലക്കയറ്റം വരുന്നത്. ഓണം, ദീപാവലി ഉള്‍പ്പെടെയുള്ള ഈ സമയത്താണ് ആളുകള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നത്. കമ്പനികളുടെ വാര്‍ഷിക വില്‍പ്പനയുടെ മൂന്നിലൊന്നും ഈ സമയത്താണ് നടക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ കമ്പനികള്‍ക്ക് എളുപ്പമാകും.

വിപണിയിലെ ഡിമാന്‍ഡ്

വിലക്കയറ്റമുണ്ടെങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളിലും നിലവില്‍ ഉപഭോക്തൃ ഡിമാന്‍ഡില്‍ ഇടിവില്ല. ജൂണിലെ ചില്ലറ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% വര്‍ധിച്ചതായി റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍വേ വ്യക്തമാക്കുന്നു. മെയ് മാസത്തേക്കാള്‍ കൂടുതലാണിത്. എങ്കിലും, വിലക്കയറ്റവും നേരത്തെ മഴ കുറഞ്ഞതും വിപണിയെ എങ്ങനെ ബാധിക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കമ്പനികള്‍.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു
ഇനി 'ഇന്ത്യൻ ഡ്രസ് സൈസ്'; മീഡിയവും ലാർജുമെല്ലാം ഇനി നമ്മുടെ ശരീരമനുസരിച്ച്, ബ്രാൻഡുകൾക്ക് ഏകീകൃത സൈസ് വരുന്നു