ജിഎസ്ടിയിലെ ഇളവ്: വില കുറയ്ക്കില്ലെന്ന് എഫ്എംസിജി കമ്പനികള്‍; നേട്ടം കൈമാറുക ഇങ്ങനെ

Published : Sep 12, 2025, 07:47 PM IST
GST on paper

Synopsis

വില കുറയ്ക്കുന്നതിനു പകരം, നിലവിലെ വിലയ്ക്ക് ഉല്‍പ്പന്നങ്ങളുടെ അളവ് കൂട്ടാനാണ് എഫ്എംസിജി കമ്പനികള്‍ ആലോചിക്കുന്നത്. 

 

ചരക്ക് സേവന നികുതി കുറച്ചെങ്കിലും ബിസ്‌ക്കറ്റുകള്‍, സോപ്പുകള്‍, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ജിഎസ്ടിയിലെ ഇളവ് ഉല്‍പ്പന്നങ്ങളുടെവിലയില്‍ നേരിട്ട് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ നല്‍കിയ വിശദീകരണം. അഞ്ച് രൂപ, പത്ത് രൂപ, ഇരുപത് രൂപ എന്നിങ്ങനെ സാധാരണയായി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചിക്ക്് യോജിച്ചതല്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, 18% ജിഎസ്ടി ഉള്‍പ്പെടെ 20 രൂപയ്ക്ക് വിറ്റിരുന്ന ഒരു ബിസ്‌കറ്റിന്റെ ജിഎസ്ടി 5% ആയി കുറച്ചാല്‍, അതിന്റെ വില 17.80 രൂപയായി കുറയും. എന്നാല്‍, 18 രൂപ എന്ന വില സാധാരണയായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പരിചിതമല്ല. പകരം, 5, 10, 20 രൂപ വിലയിലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ കൂടുതല്‍ വാങ്ങാറ്.

അതിനാല്‍, വില കുറയ്ക്കുന്നതിനു പകരം, നിലവിലെ വിലയ്ക്ക് ഉല്‍പ്പന്നങ്ങളുടെ അളവ് കൂട്ടാനാണ് എഫ്എംസിജി കമ്പനികള്‍ ആലോചിക്കുന്നത്. ഉദാഹരണത്തിന്, 20 രൂപയുടെ ബിസ്‌കറ്റ് പാക്കറ്റിന്റെ വലുപ്പം കൂട്ടും. ഇത് ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചതിന്റെ നേട്ടം ലഭിക്കാന്‍ സഹായിക്കുമെന്ന് കമ്പനികള്‍ പറയുന്നു.

അതേ സമയം കമ്പനികള്‍ അധിക നേട്ടം എടുക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായി ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് നേട്ടം ലഭിക്കാതെ കമ്പനികള്‍ ലാഭമെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിലവില്‍ ഔദ്യോഗിക സംവിധാനങ്ങളൊന്നും നിലവിലില്ല. എന്നിരുന്നാലും, അത്തരം സാഹചര്യം വന്നാല്‍ പുതിയ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞു. 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍, നിത്യോപയോഗ സാധനങ്ങളില്‍ മിക്കവയും 5% നികുതി സ്ലാബിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?