
പാരമ്പര്യ ബിസിനസ് ഏറ്റെടുക്കുന്നതും നടത്തുന്നതുമൊക്കെ വലിയ കാര്യമല്ലെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പാരമ്പര്യമായി എല്ലാം ലഭിക്കുന്നുണ്ടെങ്കിലും അത് ഏറ്റെടുത്ത് വിജയകരമാക്കുന്നത് പ്രയാസകരം തന്നെയാണ്. രത്തൻ ടാറ്റ, മുകേഷ് അംബാനി തുടങ്ങി പാരമ്പര്യ ബിസിനസുകൾ ഏറ്റെടുത്ത് അത് വൻ വിജയമാക്കിയവർ നിരവധിയാണ്. പുതിയ തലമുറയിൽ പെൺകുട്ടികളും ഈ കാര്യത്തിൽ പിന്നിലല്ല. റോഷ്‌നി നാടാർ, ഇഷ അംബാനി തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുകയാണ്.
1. റോഷ്നി നാടാർ
എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ മകളാണ് റോഷ്‌നി നാടാർ. ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ മൂന്നാം സ്ഥാനമാണ് റോഷ്നിക്കുള്ളത്. പിതാവ് ശിവ് നാടാറിന്റെ 47% ഓഹരി നേടിയതോടെയാണ് റോഷ്നി നാടാർ സമ്പന്ന പട്ടികയിൽ ഉയർന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും റോഷ്നിയാണ്.
2. ഇഷ അംബാനി
മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനി നിലവിൽ റിലയൻസ് റീട്ടെയിലിൻ്റെ മേധാവിയാണ്. റിലയൻസ് ജിയോയുടെ വളർച്ചയിലും ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിലും അവർ നിർണായക പങ്ക് വഹിച്ചു.
3. നിസാബ ഗോദ്‌റെജ്
ആദി ഗോദ്‌റെജിൻ്റെയും പരമേശ്വര ഗോദ്‌റെജിൻ്റെയും ഇളയ മകളാണ് നിസ. ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ ആണ് നിലവിൽ നിസാബ ഗോദ്‌റെജ്. ഗോദ്‌റെജ് കമ്പനിയുടെ നവീകരണ, സുസ്ഥിര സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ നിസാബ 125 വർഷം പഴക്കമുള്ള കമ്പനിയെ പുനരുജ്ജീവിപ്പിച്ചതിൽ വലിയ പങ്കു വഹിക്കുന്നു.
4. ജയന്തി ചൗഹാൻ
ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരിയെ നയിക്കുന്നത് ബിസ്ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകൾ ജയന്തി ചൗഹാൻ ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്.
5. വനിഷ മിത്തൽ
സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ മകളാണ് വനിഷ മിത്തൽ .ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരായ ആർസലർ മിത്തലിന്റെ പ്രവർത്തനത്തിൽ വനിഷ വലിയ പങ്കു വഹിക്കുന്നു.