എല്ലാ പനീറും ഒറിജിനൽ അല്ല ! വ്യാജന് പൂട്ടിടാൻ കേന്ദ്രം; പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവയെ പനീർ എന്ന് വിളിക്കാനാവില്ലെന്ന് എഫ്എസ്എസ്എഐ

Published : Sep 25, 2026, 10:32 AM IST
Paneer

Synopsis

പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവ പനീർ എന്ന പേരിൽ വിൽക്കുന്നത് തടയാൻ എഫ്എസ്എസ്എഐ കർശന നിയമനിർമ്മാണത്തിനൊരുങ്ങുന്നു. സസ്യഎണ്ണയും വെജിറ്റബിൾ പ്രോട്ടീനും ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഇനി പനീർ എന്ന് വിളിക്കാനാകില്ല. ഹോട്ടൽ മെനുവിലും പാക്കറ്റുകളിലും ഈ നിയമം ഒരുപോലെ ബാധകമാകും.

ദില്ലി: പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവ പനീർ എന്ന പേരിൽ വിൽക്കേണ്ടതില്ലെന്ന കടുത്ത നിലപാടെടുത്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI). പാലുൽപ്പന്നങ്ങൾക്ക് പകരം സസ്യഎണ്ണയും വെജിറ്റബിൾ പ്രോട്ടീനും ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ 'പനീർ' എന്ന പേരിൽ വിൽക്കുന്നത് തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങുകയാണ്. ഇനി ഇവ പനീർ എന്ന പേരിൽ വിറ്റാൽ കുറ്റകൃത്യമാകും. കടകളിൽ വിൽക്കുന്ന പാക്കറ്റുകളിലും ഹോട്ടലുകളിൽ മെനുവിലും നിയമം ഒരുപോലെ ബാധകമാകും.

തെറ്റായ വിവരങ്ങൾ നൽകി വിപണിയിൽ ഇത്തരത്തിൽ പനീർ വിൽപന വ്യാപകമായിരുന്നു. ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടേണ്ടവരല്ലെന്ന് കാട്ടിയാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. Food Safety and Standards (Prohibition and Restrictions on Sales) Regulations, 2011നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന കരട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. വിഷയത്തിൽ പൊതുജനങ്ങൾക്ക് 60 ദിവസത്തിനകം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

പാലിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയ്ക്ക് പകരം പാം ഓയിൽ, ഹൈഡ്രോജനേറ്റഡ് വെജിറ്റബിൾ ഫാറ്റ്, വെജിറ്റബിൾ പ്രോട്ടീൻ എന്നിവ ചേർത്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഇനിമുതൽ 'പനീർ' എന്ന പേരിൽ നിർമ്മിക്കാനോ വിപണനം ചെയ്യാനോ പാടില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ ഈ വിഭാഗത്തിൽ ലൈസൻസ് നേടിയിട്ടുള്ള കമ്പനികൾ ലേബലുകളിൽ നിന്നോ പാക്കറ്റുകളിൽ നിന്നോ 'പനീർ' എന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കേണ്ടിവരും.

കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ എട്ടോളം സംസ്ഥാനങ്ങൾ നിലവിൽ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനതലത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ 'വ്യാജ പനീർ' വിളമ്പിയതിനെ ചൊല്ലി കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങളാണ് വിഷയം വീണ്ടും ചർച്ചയാക്കിയത്.

മെനു കാർഡുകളിലും വ്യക്തത വേണം

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന പനീർ അല്ലെങ്കിൽ ചീസ് നോൺ- ഡെയറി (Non-dairy) ഉൽപ്പന്നമാണോ എന്ന് മെനു കാർഡിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന കാര്യത്തിലും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശം തേടിയിട്ടുണ്ട്. എഗ്ഗ്/വെജ് ലേബലിംഗ് നിലവിലുള്ളതുപോലെ "അനലോഗ് ഓഫ് ചീസ് (മിൽക്ക് സോളിഡ്സ്, റിഫൈൻഡ് പാം ഓയിൽ, മോഡിഫൈഡ് സ്റ്റാർച്ച്...)" എന്നിങ്ങനെ ചേരുവകൾ വ്യക്തമാക്കേണ്ടി വരും.

എഫ്.എസ്.എസ്.എ.ഐയുടെ ഗുണനിലവാര മാനദണ്ഡമനുസരിച്ച്, പനീർ ഉണ്ടാക്കാൻ പാലും പാൽ ഉൽപ്പന്നങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ലാക്റ്റിക് ആസിഡ്, സിട്രിക് ആസിഡ്, വിനെഗർ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ മാത്രമേ ഇതിൽ ചേർക്കാൻ അനുവാദമുള്ളൂ. സസ്യഎണ്ണയോ മറ്റ് ഫാറ്റുകളോ പനീറിൽ ചേർക്കുന്നത് തികച്ചും നിയമവിരുദ്ധമാണ്.

PREV
Read more Articles on
click me!

Recommended Stories

ഫോണിൽ മെസേജ് വന്നോ? ഞായറാഴ്ച്ചയും ബാങ്കിൽ പോകാം! 28 മുതൽ 30 വരെ പണിമുടക്ക് തന്നെ, നിലപാടിലുറച്ച് ബാങ്ക് ജീവനക്കാർ
'ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം പ്ലസ്ടുവിന് പഠനം നിര്‍ത്തിയത്'; 711 കോടിയുടെ വസതി സ്വന്തമാക്കി ഏഞ്ചല്‍ വണ്‍ സ്ഥാപകന്‍ ദിനേശ് തക്കര്‍