ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ

By Web TeamFirst Published Sep 16, 2022, 3:12 PM IST
Highlights

ആദ്യം അംബാനിയെ വീഴ്ത്തി, പിന്നെ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കി. തുടർന്ന് ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി. ഇപ്പോൾ ജെഫ് ബെസോസിനെയും. അദാനിയുടെ ജൈത്രയാത്ര തുടരുന്നു 

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി  ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോർബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി. 

അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതോടുകൂടി അദാനിയുടെ സമ്പത്ത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കി. ഫോർബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബർ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യൺ ഡോളറാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികൾ ബിഎസ്ഇയിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഗൗതം അദാനിയുടെ തത്സമയ ആസ്തി കുത്തനെ ഉയർന്നു.

2022-ൽ 70 ബില്യൺ ഡോളറിലധികമാണ് അദാനി തന്റെ സാമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ, അദ്ദേഹം മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി. ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കിലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി. തുടർന്ന്  ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്.

2022 മാർച്ചിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ 75 ശതമാനം ഓഹരിയും അദാനിയുടെ സ്വന്തമാണ്. 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 92.3 ബില്യൺ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്താണ്

click me!