ബിജെപി മോദി ബന്ധം, ബാങ്ക് വായ്പകള്‍, രാഹുലിന്‍റെ വിമര്‍ശനം; വിവാദ വിഷയങ്ങളില്‍ മറുപടി നല്‍കി ഗൗതം അദാനി

By Web TeamFirst Published Jan 8, 2023, 8:41 AM IST
Highlights

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രമല്ല അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത് എന്ന കാര്യമാണ് ബിജെപി ബന്ധം ആരോപിക്കുന്നവര്‍ക്ക് മറുപടിയായി  ഗൗതം അദാനി പറയുന്നത്. രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നു. 

ദില്ലി: വിവാദ വിഷയങ്ങളില്‍ അടക്കം തന്‍റെ ഭാഗം തുറന്നുപറഞ്ഞ് വ്യവസായി ഗൗതം അദാനി. ഇന്ത്യ ടിവിയുടെ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരനായ ഗൗതം അദാനി. പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധമാണ് അദാനി ഗ്രൂപ്പിന്‍റെ വളര്‍ച്ചയ്ക്ക് പിന്നില്‍ എന്ന വിമര്‍ശനത്തെയും, ബിജെപി ബന്ധത്തെയും, ക്രോണി ക്യാപിറ്റലിസ്റ്റ് എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനും അദാനി മറുപടി നല്‍കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രമല്ല അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത് എന്ന കാര്യമാണ് ബിജെപി ബന്ധം ആരോപിക്കുന്നവര്‍ക്ക് മറുപടിയായി  ഗൗതം അദാനി പറയുന്നത്. രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നു. അതില്‍ മമതയുടെ ബംഗാളുണ്ട്, ഇടത് ഭരിക്കുന്ന കേരളമുണ്ട്. ഒഡീഷയുണ്ട്, ആന്ധ്രയും, തെലങ്കാനയും ഉണ്ടെന്നും അദാനി പറയുന്നു. 

മോദി ഭരണം സഹായിക്കുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിച്ച അദാനി. മോദിജിയോട് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും, രാജ്യ താല്‍പ്പര്യങ്ങളെക്കുറിച്ചും സംസാരിക്കാം. സര്‍ക്കാര്‍ ഒരു നയം രൂപീകരിച്ചാല്‍ അത് പിന്നെ അദാനി ഗ്രൂപ്പിന് മാത്രം ബാധകമാകുന്ന കാര്യമല്ലെന്നും ഗൗതം അദാനി പറയുന്നു. 

ഇതേ സമയം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കണക്കില്ലാതെ വലിയ തോതില്‍ അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നു എന്ന വിമര്‍ശനത്തിനും അദാനി മറുപടി നല്‍കി. കഴിഞ്ഞ ഏഴ് എട്ട് വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന്‍റെ വരുമാനം 24 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ ലോണ്‍ എടുക്കുന്നത് വര്‍ദ്ധിച്ചത് 11 ശതമാനം മാത്രമാണ്. അദാനി ഗ്രൂപ്പിന്‍റെ ആസ്ഥികള്‍ ഞങ്ങള്‍ കടം എടുത്ത തുകയുടെ നാലിരട്ടിയാണ് എന്നും അദാനി കൂട്ടിചേര്‍ത്തു. 

രാഹുല്‍ ഗാന്ധി നിരന്തരം അദാനിയെ പേരെടുത്ത് വിമര്‍ശിക്കുന്നതിനെ ചൂണ്ടിക്കാട്ടിയപ്പോള്‍. അത് രാഷ്ട്രീയ ബിസിനസിന്‍റെ ഭാഗമാണ് എന്നാണ് ഗൗതം അദാനി പ്രതികരിച്ചത്. നിക്ഷേപം അദാനി ഗ്രൂപ്പിന്‍റെ ഒരു സാധാരണ രീതിയാണ്. രാജസ്ഥാനിലെ അദാനിയുടെ നിക്ഷേപത്തെ രാഹുല്‍ സ്വാഗതം ചെയ്തുവെന്ന് അദാനി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസിന്‍റെയോ നയം വികസന വിരുദ്ധമായി കാണുന്നില്ലെന്ന് രാജസ്ഥാനിലെ 68,000 കോടി നിക്ഷേപ പദ്ധതി ചൂണ്ടിക്കാട്ടി അദാനി പറഞ്ഞു. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് അദാനിയുടെ വ്യാവസായ സാമ്രാജ്യം വളര്‍ന്നത് എന്ന വിമര്‍ശനത്തിനും അദാനി മറുപടി പറഞ്ഞു. തന്‍റെ ബിസിനസ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയ മൂന്ന് കാര്യങ്ങളില്‍ രണ്ട് കാര്യങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഉണ്ടായതെന്നാണ് അദാനി പറയുന്നത്. ഒന്ന് രാജീവ് ഗാന്ധി  ഭരിക്കുന്ന കാലത്ത് എക്സീം പോളിസിയും, 1991 ലെ നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് എന്നിവര്‍ നടപ്പിലാക്കിയ ഉദാരവത്കരണവുമാണ്.

അതേ സമയം 12 വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഭരണം വളര്‍ച്ചയ്ക്ക് സഹായിച്ചുവെന്ന് അദാനി പറയുന്നു. എന്നാല്‍ ഇത് അദാനി ഫ്രണ്ട്ലി എന്ന് അര്‍ത്ഥമില്ല. ഗുജറാത്ത് നിക്ഷേപ സൌഹാര്‍ദ്ദ സംസ്ഥാനമാണ്, അതിന് അദാനി സൌഹാര്‍ദ്ദം എന്ന് അര്‍ത്ഥമില്ല  ഗൗതം അദാനി പറഞ്ഞു. 

 രാജ്യത്ത് തുറമുഖം, ഊര്‍ജ്ജം, അടിസ്ഥാന സൌകര്യ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ വലിയ കരാറുകള്‍ അദാനി ഗ്രൂപ്പിന് തന്നെ ലഭിക്കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിലും  ഗൗതം അദാനി മറുപടി നല്‍കി. ഒരു കരാറും ലേലത്തിലൂടെ അല്ലാതെ അദാനി ഗ്രൂപ്പിന് ലഭിച്ചിട്ടില്ല. വിമര്‍ശിക്കുന്ന ആര്‍ക്കും ഇത് പരിശോധിക്കാം. രാഹുല്‍ ഗാന്ധിക്ക് പോലും താന്‍ ഏതെങ്കിലും ലേലം അട്ടിമറിച്ചെന്ന് പരാതി കാണില്ലെന്ന്  ഗൗതം അദാനി പറഞ്ഞു.

അതേ സമയം അദാനി ഗ്രൂപ്പിന്‍റെയും  ഗൗതം അദാനിയുടെ വിജയത്തിന്‍റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് കഠിനാദ്ധ്വാനം,കഠിനാദ്ധ്വാനം, കഠിനാദ്ധ്വാനം എന്നാണ് അദാനി മറുപടി നല്‍കിയത്. 

കൽക്കരി കുംഭകോണം: അദാനി എന്റർപ്രൈസസിന്റെ പങ്ക് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിട്ട് കോടതി

ഈ വര്‍ഷം അദാനി ഓഹരികളിലെ നേട്ടം 8.5 ലക്ഷം കോടി! ഈ മാജിക് 2023-ലും ആവര്‍ത്തിക്കുമോ?

click me!