
ദില്ലി: അദാനി ഗ്രൂപ്പിന്റെ നെടുംതൂണായ ഗൗതം അദാനി മാധ്യമ രംഗത്ത് നിക്ഷേപം വർധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രാദേശിക ടിവി, പ്രിന്റ് മാധ്യമങ്ങളിലേക്ക് നിക്ഷേപം വർധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടറിയുന്ന ചിലരെ ഉദ്ധരിച്ച് ദേശീയ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 59 കാരനായ അദാനി കാലൂന്നാൻ ശ്രമിക്കുന്ന പുതിയ സെക്ടറാണ് മാധ്യമലോകം. മുകേഷ് അംബാനിയെ പോലെ തന്നെ ഈ മേഖലയിലേക്ക് കടക്കുകയാണ് അദാനിയും എന്നാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ മാസമാണ് അദാനി എന്റർപ്രൈസസിന് കീഴിൽ എഎംജി മീഡിയ നെറ്റ്‌വർക്ക് എന്ന പുതിയ സ്ഥാപനം ആരംഭിച്ചത്. പ്രസിദ്ധീകരണം, പരസ്യം, പ്രക്ഷേപണം, ഉള്ളടക്ക വിതരണം തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഈ സ്ഥാപനം പ്രവർത്തനം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ അദാനി മീഡിയ വെഞ്ച്വേർസ് ലിമിറ്റഡ്, ക്വിന്റിലിയൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങാൻ തീരുമാനിച്ചിരുന്നു. ബ്ലൂംബെർഗ് എൽപിയുടെ ഇന്ത്യൻ പങ്കാളിയാണ് ക്വിന്റിലിയൺ ബിസിനസ് മീഡിയ.
ഈ വർഷം മാത്രം അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യം 32 ശതമാനത്തോളം ഉയർന്നിരുന്നു. സെൻസെക്സ് ഈ ഘട്ടത്തിൽ 4.4 ശതമാനം താഴേക്ക് പോയി. പ്രാദേശിക തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് പോകാനാവും അദാനി ഗ്രൂപ്പ് ശ്രമിക്കുകയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.