എന്താണ് ഈ 'സീബ്ര ഡ്രിങ്കിംഗ്'? ആഘോഷങ്ങളിൽ തരംഗമായി ജെൻ സിയുടെ പുതിയ ശീലം! ചിയേഴ്സ് പറയാം, പക്ഷേ 'ഹാങ് ഓവര്‍' വേണ്ടെന്ന് പുതിയ പിള്ളേർ

Published : Jul 23, 2026, 11:08 AM IST
Beer Benefits

Synopsis

ജെന്‍ സി, മില്ലേനിയല്‍ തലമുറക്കിടയില്‍ മദ്യപാന ശീലങ്ങള്‍ മാറുകയാണ്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കി കുറഞ്ഞ ആല്‍ക്കഹോളുള്ള ബിയറുകള്‍ തിരഞ്ഞെടുക്കുന്നതും, മദ്യത്തോടൊപ്പം ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങള്‍ ഇടവിട്ട് കുടിക്കുന്ന 'സീബ്ര ഡ്രിങ്കിംഗ്' എന്ന പുതിയ രീതിയും പ്രചാരത്തിലുണ്ട്.

ഒരുകാലത്ത് കൂടുതല്‍ കുടിക്കുക, കൂടിയ ആല്‍ക്കഹോള്‍ അളവുള്ള ബിയറുകള്‍ തിരഞ്ഞെടുക്കുക, രാത്രി മുഴുവന്‍ ആഘോഷിക്കുക എന്നതായിരുന്നു മദ്യ വിപണന രംഗത്തെ പ്രധാന രീതി. എന്നാല്‍ ഇന്ന് ആ കഥ മാറിയിരിക്കുകയാണ്. 'ജെന്‍ സി', മില്ലേനിയലുകള്‍ എന്നിവര്‍ക്കിടയില്‍ മദ്യപാനം എന്നത് ലഹരിക്ക് വേണ്ടി മാത്രമുള്ള ഒന്നല്ലാതായി മാറുന്നു. ആരോഗ്യ സംരക്ഷണം, മിതത്വം, എന്നിവയാണ് ഇന്നിന്റെ ട്രെന്‍ഡ്. ആരോഗ്യ സംരക്ഷണം കൈവിടാതെയുളള ഈ പുതിയ മാറ്റം ബിയര്‍ നിര്‍മാതാക്കളെപ്പോലും ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

രുചിക്ക് മാത്രം പ്രാധാന്യം നല്‍കാതെ പോഷകഗുണം, മാനസിക- ശാരീരിക സന്തുലിതാവസ്ഥ, വേഗത്തിലുള്ള റിക്കവറി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പാനീയങ്ങളിലേക്കാണ് ലോകമെമ്പാടുമുള്ള ബിയര്‍ വിപണി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ ആല്‍ക്കഹോളുള്ള ലാഗറുകള്‍, ആല്‍ക്കഹോള്‍ തീരെയില്ലാത്ത ക്രാഫ്റ്റ് ബിയറുകള്‍, ദഹനാരോഗ്യത്തിന് അനുയോജ്യമായ പ്രൊബയോട്ടിക് ബിയറുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വിപണിയിലെത്തുന്നു.

എന്താണ് 'സീബ്ര ഡ്രിങ്കിംഗ്'?

ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം പാനീയങ്ങളുടെ വില്‍പ്പന അതിവേഗം ഉയരുകയാണ്. ഇതിന്റെ ഭാഗമായി 'സീബ്ര ഡ്രിങ്കിംഗ്' എന്നൊരു പുതിയ ശീലവും പ്രചാരത്തിലുണ്ട്. ഒരു ആഘോഷത്തിനിടെ മദ്യത്തോടൊപ്പം ഇടവിട്ട് ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങളും കുടിക്കുന്ന രീതിയാണിത്. സൗഹൃദ കൂട്ടായ്മകളുടെ സന്തോഷം നഷ്ടപ്പെടുത്താതെ തന്നെ മിതത്വം പാലിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബാറുകളിലും മാറ്റത്തിന്റെ കാറ്റ്

ഈ മാറ്റം ഇപ്പോള്‍ തന്നെ ബാറുകളിലും റസ്റ്റോറന്റുകളിലും പ്രകടമാണ്. ജെന്‍ സി, മില്ലേനിയല്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ബിയര്‍ ഇഷ്ടപ്പെടുന്നവരാണ്. എങ്കിലും അതില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ ഇപ്പോള്‍ കുറഞ്ഞ ആല്‍ക്കഹോളുള്ള പാനീയങ്ങളോ മോക്ക്‌ടെയിലുകളോ ആണ് തിരഞ്ഞെടുക്കുന്നത് എന്ന് ബാറുടമകള്‍ പറയുന്നു. അടുത്ത ദിവസത്തെ ജോലിയെയോ ഫിറ്റ്‌നസിനെയോ ബാധിക്കാതെ ആഘോഷങ്ങളില്‍ പങ്കാളികളാകാനാണ് ഭൂരിഭാഗം പേരും ഇന്ന് ആഗ്രഹിക്കുന്നത്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന ബിയര്‍ വിപണിയല്ല ഇന്നത്തേത്.

ബ്രാന്‍ഡ് മഹിമയിലോ ആല്‍ക്കഹോളിന്റെ അളവിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ചര്‍ച്ചകള്‍. ബോട്ടിലുകളിലെ ലേബലുകള്‍ വായിച്ചും, രാസവസ്തുക്കള്‍ കുറഞ്ഞതും തങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായതുമായ ഡ്രിങ്ക്‌സ് തിരഞ്ഞുപിടിച്ചും ആളുകള്‍ വാങ്ങുന്നു. മുന്‍ തലമുറകള്‍ 'കൂടുതല്‍ കുടിക്കുക' എന്നതില്‍ സന്തോഷം കണ്ടെത്തിയപ്പോള്‍, പുതിയ തലമുറ 'ബുദ്ധിപൂര്‍വം കുടിക്കുക' എന്ന നയമാണ് സ്വീകരിക്കുന്നത്. പരമ്പരാഗതമായി തുടരുന്ന ഈ വ്യവസായത്തില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ മാറ്റവും ഇതു തന്നെയായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

വമ്പൻ കരാർ! വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്; ഫ്‌ലൈയിങ് വെയില്‍സുമായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു
'ഇന്ദിരമ്മ ഇന്ദ്ലു' സ്ഥലം കൊടുക്കേണ്ട, 5 ലക്ഷം രൂപ സബ്‌സിഡി! പാവപ്പെട്ടവർക്ക് സ്വന്തമായി നഗരത്തിൽ ഫ്ലാറ്റുകൾ വച്ച് നൽകാൻ തെലങ്കാന സർക്കാർ