ഇന്ത്യയിലെ ഭൂരിഭാഗം വിദേശമദ്യങ്ങളും നിര്‍മ്മിക്കുന്നത് മൊളാസസില്‍ നിന്നുള്ള ന്യൂട്രല്‍ സ്പിരിറ്റും ഫ്ലേവറുകളും ചേര്‍ത്താണ്. അല്ലാതെ ധാന്യങ്ങളില്‍ നിന്നോ കരിമ്പില്‍ നിന്നോ അല്ല. ഇതിനൊരു പരിഹാരമായി 'ഇന്ത്യന്‍ വിസ്‌കി', 'ഇന്ത്യന്‍ റം' എന്നിങ്ങനെയുള്ള പുതിയ വിഭാഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.
'ഓള്‍ഡ് മങ്ക്' റമ്മല്ലെന്നും, അത് വെറുമൊരു 'റം ഫ്‌ലേവേര്‍ഡ് സ്പിരിറ്റ്' മാത്രമാണെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെ ഞെട്ടിയിരിക്കുകയാണ് മദ്യപ്രേമികള്‍. ഓള്‍ഡ് മങ്ക് മാത്രമല്ല, ഇന്ത്യയില്‍ ജനപ്രിയ മദ്യങ്ങളായി വില്‍ക്കുന്ന ഭൂരിഭാഗം വിസ്‌കികളും റമ്മുകളും സാങ്കേതികമായി വിസ്‌കിയോ റമ്മോ അല്ല എന്നതാണ് പുറത്തുവരുന്ന യാഥാര്‍ത്ഥ്യം.
റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ഡീലക്‌സ്, ആന്റിക്വിറ്റി ബ്ലൂ, ഓള്‍ഡ് മങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളില്‍ കൃത്രിമ ഫ്‌ലേവറുകള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് മാസത്തിലാണ് എഫ്എസ്എസ്എഐ വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 3-ന് കേസ് ബോംബെ ഹൈക്കോടതിയില്‍ വന്നപ്പോഴാണ് ഓള്‍ഡ് മങ്ക് 'റം' എന്ന പേരില്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് എഫ്എസ്എസ്എഐ തറപ്പിച്ചുപറഞ്ഞത്. കരിമ്പ് നീരോ അതിന്റെ ഉല്‍പ്പന്നങ്ങളോ വറ്റിച്ചെടുക്കുന്നതിന് പകരം, കുറഞ്ഞ ചെലവില്‍ ഉണ്ടാക്കുന്ന ന്യൂട്രല്‍ സ്പിരിറ്റും കാരമല്‍ കളറും എസന്‍സും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നതെന്നാണ് വാദം. കേസ് സെപ്റ്റംബര്‍ 11-ന് കോടതി വീണ്ടും പരിഗണിക്കും.
മഹാരാഷ്ട്രയില്‍ ഓള്‍ഡ് മങ്കിന്റെ വില്‍പന നിലച്ചതോടെ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാക്കളായ മോഹന്‍ മീക്കിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നേരിടുന്നത്.
ഇന്ത്യയിലെ വിസ്‌കിയും റമ്മും ഉണ്ടാക്കുന്നത് എങ്ങനെ?
ലോകമെമ്പാടും വിസ്‌കി ഉണ്ടാക്കുന്നത് ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ഫെര്‍മന്റ് ചെയ്ത് ഡിസ്റ്റില്‍ ചെയ്ത ശേഷമാണ്. റം ഉണ്ടാക്കുന്നത് കരിമ്പ് നീരില്‍ നിന്നുമാണ്. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന 90 ശതമാനത്തിലധികം വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളും ഉണ്ടാക്കുന്നത് പഞ്ചസാര മില്ലുകളിലെ അവശിഷ്ടമായ മൊളാസസില്‍ നിന്നുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ്.
96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഈ ഇ.എന്‍.എ-യില്‍ ശുദ്ധീകരിച്ച വെള്ളം ചേര്‍ത്ത് ആല്‍ക്കഹോള്‍ അളവ് 42.8 ശതമാനമായി കുറയ്ക്കുന്നു. അതിനുശേഷം വിസ്‌കിയോ റമ്മോ ആക്കാന്‍ ആവശ്യമായ കളറും ഫ്‌ലേവറുകളും ചേര്‍ക്കുന്നു. പെട്രോളില്‍ കലര്‍ത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന അതേ ഈഥനോള്‍ തന്നെയാണ് ഈ ഇ.എന്‍.എയും!
സ്‌കോട്ട്ലന്‍ഡിലും അമേരിക്കയിലും വര്‍ഷങ്ങളോളം തടിവീപ്പകളില്‍ സൂക്ഷിച്ചാണ് വിസ്‌കി നിര്‍മ്മിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ നിമിഷനേരം കൊണ്ട് ഇ.എന്‍.എ-യില്‍ എസന്‍സ് ചേര്‍ത്ത് വിസ്‌കിയും റമ്മും ഉണ്ടാക്കിയെടുക്കുന്നു. അതിനാല്‍ത്തന്നെ ഇവ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിസ്‌കിയെ അപേക്ഷിച്ച് നോക്കുമ്പോൾ വ്യാജ മദ്യം പോലൊരു പാനീയമാണ്. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ആഹാരം നല്‍കാന്‍ ധാന്യങ്ങള്‍ ആവശ്യമായിരുന്നതിനാല്‍, പണ്ടുമുതലേ ധാന്യങ്ങളില്‍ നിന്ന് മദ്യമുണ്ടാക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. അങ്ങനെയാണ് മൊളാസസ് അധിഷ്ഠിത വിദേശമദ്യം ഇന്ത്യയില്‍ പ്രചാരത്തിലായത്.
വിപണിയിലെ മാറ്റങ്ങളും പരിഹാരവും
ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടുകളായ ഇന്ദ്രി, അമൃത, പോള്‍ ജോണ്‍, രാംപൂര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. 2023-ല്‍ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി 'ഇന്ദ്രി' തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെ ഉയര്‍ന്ന വില കാരണം സാധാരണ വിപണിയില്‍ ഇവയുടെ സാന്നിധ്യം ചെറുതാണ്. 2025-ല്‍ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിപണി 2032-ഓടെ 101 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്.
ഉപഭോക്താക്കളുടെ വിശ്വാസവും വ്യവസായത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്ത് എഫ്എസ്എസ്എഐയും നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇതിനൊരു പ്രായോഗിക പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം. 2018-ല്‍ ബ്രാണ്ടിയുടെ കാര്യത്തിലും സമാനമായ പ്രശ്‌നം ഉയര്‍ന്നപ്പോള്‍ 'ഇന്ത്യന്‍ ബ്രാണ്ടി' എന്ന പുതിയൊരു കാറ്റഗറി എഫ്എസ്എസ്എഐ അനുവദിച്ചിരുന്നു. അതേപോലെ 'ഇന്ത്യന്‍ റം' അല്ലെങ്കില്‍ 'ഇന്ത്യന്‍ വിസ്‌കി' എന്ന പേരില്‍ പുതിയ ഉപവിഭാഗങ്ങള്‍ കൊണ്ടുവരികയാണ് പ്രായോഗിക വഴി.


