
ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍. പുതിയതായി ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വന്‍കിട നഗരങ്ങളെക്കാള്‍ ചെറുകിട നഗരങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ കൂടുതലായി ക്രിപ്‌റ്റോയെ ആശ്രയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ സെബ്‌പേയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2026-ന്റെ ആദ്യ പകുതിയില്‍ 1.2 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളാണ് പ്ലാറ്റ്ഫോമിലെത്തിയത്. ഇതില്‍ പകുതിയോളം പേരും 18 മുതല്‍ 24 വരെ പ്രായമുള്ള 'ജെന്‍ സി' വിഭാഗത്തില്‍പ്പെട്ടവരാണ്.
യുവാക്കള്‍ക്കിടയില്‍ ക്രിപ്‌റ്റോ നിക്ഷേപത്തോടുള്ള താല്പര്യം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ക്രിപ്‌റ്റോ വാങ്ങിക്കൂട്ടാനാണ് ഇവര്‍ക്ക് താല്പര്യം. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇവരുടെ വാങ്ങല്‍ തോത്, വില്‍ക്കുന്നതിനേക്കാള്‍ 10 മടങ്ങ് കൂടുതലായിരുന്നു. സൊലാന കോയിനുകളോടാണ് ഈ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ പ്രിയം.
ഇന്ത്യയിലെ ക്രിപ്‌റ്റോ വിപണിയില്‍ ഇപ്പോള്‍ ഗ്രാമങ്ങള്‍ക്കും ചെറുകിട നഗരങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. 2026-ലെ ആദ്യ പകുതിയില്‍ സെബ്‌പേയില്‍ പുതിയതായി എത്തിയവരില്‍ 62 ശതമാനവും ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 21 ശതമാനവും ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവരാണ്. ശരാശരി സ്‌പോട്ട് ഓര്‍ഡര്‍ വലുപ്പത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഏക വിഭാഗവും ടയര്‍-3 നഗരങ്ങളാണ്.
സ്ഥിരമായി ക്രിപ്‌റ്റോ വാങ്ങി വില്‍ക്കുന്നതിന് പകരം ദീര്‍ഘകാല നിക്ഷേപമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. റിപ്പോര്‍ട്ട് പ്രകാരം 63% പേരും തങ്ങളുടെ ക്രിപ്‌റ്റോ അസറ്റുകള്‍ ഒരു തവണ പോലും വില്‍ക്കാതെ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്നവരാണ്. 29% പേര്‍ കോയിനുകള്‍ സൂക്ഷിക്കുന്നതിനൊപ്പം തന്നെ ട്രേഡിംഗും നടത്തുന്നുണ്ട്. തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവരാണ് വിപണിയില്‍ കൂടുതല്‍ സജീവം. ആറുമാസവും പ്ലാറ്റ്ഫോമില്‍ സജീവമായിരുന്ന ഉപയോക്താക്കള്‍, ഒരു മാസം മാത്രം സജീവമായിരുന്നവരേക്കാള്‍ 21 മടങ്ങ് വ്യാപാരം നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
യുവാക്കള്‍ക്ക് സൊലാനയോടാണ് പ്രിയമെങ്കിലും മൊത്തത്തിലുള്ള നിക്ഷേപകരുടെ ഇടയില്‍ ബിറ്റ്‌കോയിന് തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. നിക്ഷേപകരില്‍ 30 ശതമാനവും 'ബിറ്റ്‌കോയിന്‍ മാക്‌സിമലിസ്റ്റുകള്‍' ആണ്. 17.3 ശതമാനവുമായി ലെഗസി ആള്‍ട്ട്‌കോയിന്‍ ഹോള്‍ഡര്‍മാരും, 15 ശതമാനവുമായി ഡൈവേഴ്‌സിഫൈഡ് എക്‌സ്‌പ്ലോറര്‍മാരും തൊട്ടുപിന്നിലുണ്ട്.