ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന്; പ്രധാന നികുതി നിരക്ക് മാറ്റങ്ങളുണ്ടാകുമോ?

Published : Sep 26, 2026, 03:06 PM IST
Nirmala Sitharaman GST Council Meeting

Synopsis

ഒക്ടോബർ 7ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വലിയ നികുതി നിരക്ക് മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍. പകരം ഇ-ഇൻവോയ്സിംഗ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ പരിഷ്കാരങ്ങളിലും യുപിഐ ഇടപാടുകളിലെ ജിഎസ്ടി പുനഃപരിശോധിക്കുന്നതിലുമാകും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഒക്ടോബര്‍ 7 ന് നടക്കാനിരിക്കുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ പ്രധാനപ്പെട്ട നികുതി നിരക്ക് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍. പകരം, നടപടിക്രമങ്ങളിലെ പരിഷ്‌കാരങ്ങളിലും, അടുത്തിടെ നടപ്പിലാക്കിയ നികുതി നിരക്ക് യുക്തിസഹമാക്കല്‍ വിലയിരുത്തുന്നതിലുമാകും കൗണ്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍ എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് കൗണ്‍സില്‍ അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീണ്ടുമൊരു വന്‍കിട നിരക്ക് വെട്ടിക്കുറയ്ക്കലിന് പകരം, നിരക്ക് മാറ്റങ്ങള്‍ നടപ്പിലാക്കിയതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവയുടെ ആഘാതം വിലയിരുത്തുന്നതിലുമാകും ശ്രദ്ധ.

'ജിഎസ്ടി 2.0' എന്ന പേരില്‍ ഇ-ഇന്‍വോയ്സിംഗ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിയമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളിലുമായിരിക്കും ഒക്ടോബര്‍ 7 ലെ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യോഗത്തില്‍ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്, നടപടിക്രമങ്ങളിലെ പരിഷ്‌കാരങ്ങള്‍ ഒക്ടോബറിലെ യോഗത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനാല്‍, വരാനിരിക്കുന്ന യോഗത്തില്‍ വലിയൊരു നികുതി നിരക്ക് മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ആദ്യ വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, നിരക്ക് യുക്തിസഹമാക്കുന്നതില്‍ തുടര്‍ന്നും മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്ന് ഒക്ടോബറിലെ യോഗത്തില്‍ വിലയിരുത്തിയേക്കാം.

യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന ഫീസിന്മേലുള്ള 18 ശതമാനം ജിഎസ്ടി, കൗണ്‍സില്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ തീരുമാനം വ്യാപാരികള്‍ക്ക് അധിക ബാധ്യതയാകും എന്ന് കണ്ടാണ് ഈ നീക്കം. ജിഎസ്ടി നിരക്കില്‍ കൗണ്‍സില്‍ അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്താണ് പുതിയ പ്രതിസന്ധി?

വ്യാപാരികള്‍ക്ക് നല്‍കുന്ന വലിയ തുകകളുള്ള യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ഈ മാസം ആദ്യം പേയ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 15 മുതലാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ അധിക ബാധ്യത വ്യാപാരികള്‍ ഒടുവില്‍ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാരികളുടെ സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓപ്പണ്‍എഐയുടെ എഐ മോഡലുകള്‍ക്ക് സംഭവിച്ചതെന്ത്? അമേരിക്കന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും നുഴഞ്ഞുകയറി
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര പോകുന്നത് എങ്ങോട്ടാണ്? യാത്രാശീലങ്ങള്‍ അറിയാം, സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്