Gita Gopinath : ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ് ; അടുത്തവർഷം ആദ്യത്തോടെ ചുമതലയേൽക്കും

By Web TeamFirst Published Dec 3, 2021, 11:00 AM IST
Highlights

നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 

വാഷിം​ഗ്ടണ്‍: ഗീത ഗോപിനാഥ് (Gita Gopinath) അന്താരാഷ്ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും (International Monetary Fund, IMF). നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ഗോപിനാഥ് ചുമതലയേൽക്കും. ശരിയായ സമയത്തെ ശരിയായ വ്യക്തിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്‍റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.

ഗീത ഗോപിനാഥിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു. ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദവും, ദില്ലി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വ്വകാലശാലയില്‍ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത. പ്രിസ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 2001 ല്‍ ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി. 

click me!