
ദില്ലി : ഗോദ്‌റെജ് ഹൗസിംഗ് ഫിനാൻസ്, ഗോദ്‌റെജ് ഫിനാൻസ് ലിമിറ്റഡ് (Godrej Housing Finance Ltd.) എന്നിവയുടെ ഹോൾഡിംഗ് എന്റിറ്റിയായി പ്രവർത്തിക്കുന്ന ഒരു അനുബന്ധ സ്ഥാപനമായി ഗോദ്‌റെജ് ക്യാപിറ്റൽ ലിമിറ്റഡ് (Godrej Capital Limited) ആരംഭിക്കുമെന്ന് പ്രഖാപിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Godrej Industries Limited). സാമ്പത്തിക സേവന മേഖലയിൽ തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ഥാപനം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
ലോകോത്തര റീട്ടെയിൽ ഫിനാൻഷ്യൽ സർവീസ് ബിസിനസ്സ് കെട്ടിപ്പടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയും 2026 ഓടെ 30,000 കോടി രൂപയുടെ ലാഭം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കമ്പനി പ്രവർത്തിക്കുന്നത്. കൂടാതെ ആരംഭിക്കുന്ന പുതിയ സ്ഥാപനമായ ഗോദ്‌റെജ് ക്യാപിറ്റൽ ലിമിറ്റഡിൽ 1,500 കോടി രൂപ മൂലധനം നിക്ഷേപിക്കാൻ കമ്പനി തയ്യാറാണെന്നും ഗോദ്‌റെജ് കമ്പനി അറിയിച്ചു.
നിലവിൽ മുംബൈ, ബംഗളൂരു, ഡൽഹി എൻസിആർ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെല്ലാം ഗോദ്‌റെജ് ക്യാപിറ്റൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇനി ജയ്പൂർ, ചണ്ഡീഗഡ്, ഹൈദരാബാദ്, ചെന്നൈ, ഇൻഡോർ, സൂറത്ത് എന്നീ ആറ് പുതിയ നഗരങ്ങളിൽ ഉടൻ പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
“ഗോദ്‌റെജ് ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ ഗോദ്‌റെജ് ക്യാപിറ്റൽ ഒരു പ്രധാന വഴിത്തിരിവായി മാറും. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 2020-ൽ ഭവനവായ്പകൾ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. തുടർന്നാണ് സാമ്പത്തിക സേവന സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ പഠിക്കാനും ശ്രദ്ധ ചെലുത്താനും ആരംഭിച്ചത്. ഭവനവായ്പ രംഗത്ത് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും തങ്ങളുടെ ടീമിനെ 50 ശതമാനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.