
ലോകം മറ്റൊരു യുദ്ധഭീതിയിലാകുമ്പോള്‍ നിക്ഷേപകര്‍ സാധാരണയായി ഓടിയെത്തുന്നത് സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കുമാണ്. എന്നാല്‍ നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സ്വര്‍ണവിപണിയില്‍ ദൃശ്യമാകുന്നത് തികച്ചും വിപരീതമായ പ്രവണതയാണ്. യുദ്ധം മുറുകുമ്പോഴും സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വില താഴേക്ക് പോകുന്നത് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു.
2025 സ്വര്‍ണത്തെ സംബന്ധിച്ച് സുവര്‍ണ്ണവര്‍ഷമായിരുന്നു. സ്വര്‍ണം 75 ശതമാനവും വെള്ളി 165 ശതമാനവും നേട്ടമാണ് ആ വര്‍ഷം നല്‍കിയത്. 2026 ജനുവരിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,500 ഡോളറിലും വെള്ളി 121 ഡോളറിലും എത്തി റെക്കോര്‍ഡ് കുറിച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ കഥ മാറി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്വര്‍ണവിലയില്‍ 10 ശതമാനവും വെള്ളിയില്‍ 22 ശതമാനവും ഇടിവുണ്ടായി. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,680 ഡോളറിലും വെള്ളി 74 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
യുദ്ധമുണ്ടായിട്ടും റെക്കോര്‍ഡ് വില താഴാന്‍ പ്രധാനമായും നാല് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്:
കരുത്താര്‍ജ്ജിച്ച് ഡോളര്‍: യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി വന്നതോടെ നിക്ഷേപകര്‍ അമേരിക്കന്‍ ഡോളറിനെ അഭയകേന്ദ്രമായി കണ്ടു. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അത് വലിയ ബാധ്യതയായി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു.
പലിശ നിരക്കിലെ മാറ്റം: ഇറാന്‍-ഇസ്രായേല്‍ തര്‍ക്കവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചു. ഇത് നാണയപ്പെരുപ്പത്തിന് കാരണമായി. ഇതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കില്ലെന്ന സൂചന നല്‍കി. പലിശ നിരക്ക് കൂടുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടുകളിലും ബാങ്കുകളിലും നിക്ഷേപിക്കാന്‍ താല്പര്യപ്പെടും.
വ്യവസായ മേഖലയിലെ മാന്ദ്യം: വെള്ളിയുടെ വില കുറയാന്‍ പ്രധാന കാരണം വ്യവസായ മേഖലയിലെ സ്തംഭനമാണ്. വെള്ളിയുടെ ആകെ ആവശ്യകതയുടെ 60 ശതമാനവും സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വ്യവസായങ്ങളില്‍ നിന്നാണ്. യുദ്ധം കാരണം പുതിയ നിക്ഷേപങ്ങളും നിര്‍മ്മാണവും കുറഞ്ഞതോടെ വെള്ളിയുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു.
സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം വില്പന: സ്വന്തം രാജ്യത്തെ കറന്‍സികള്‍ തകരാതിരിക്കാന്‍ റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതും വിപണിയില്‍ സ്വര്‍ണത്തിന്റെ ലഭ്യത കൂട്ടി.