
സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പണിക്കൂലി ഈടാക്കുന്ന രീതിയെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായേക്കാം. സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും എന്തുകൊണ്ടാണ് വര്‍ധിക്കുന്നത്? ഇതിന് പിന്നിലെ 'കണക്ക്്' പലര്‍ക്കും അറിയില്ല. സ്വര്‍ണ്ണം പണിയുമ്പോള്‍ ഉണ്ടാകുന്ന 'വേസ്റ്റേജ്' (ഉല്‍പ്പാദന നഷ്ടം) എന്ന ഘടകമാണ് ഇതിനുപിന്നില്‍. സ്വര്‍ണ്ണവില കൂടിയാലും പണിക്കൂലി ശതമാനക്കണക്കില്‍ തന്നെ നിലനിര്‍ത്തുന്നത് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും അനീതിയായി തോന്നാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ന്യായീകരണമുണ്ട്. വേസ്റ്റേജ് കണക്കാക്കുന്നത് ഗ്രാമിലാണ്, രൂപയിലല്ല. ഒരു ആഭരണം നിര്‍മ്മിക്കുമ്പോള്‍, എത്ര ശ്രദ്ധിച്ചാലും അല്‍പ്പം സ്വര്‍ണ്ണം നഷ്ടപ്പെടും. ഇത് സ്വാഭാവികമായ ഉല്‍പ്പാദന നഷ്ടമാണ്. ഉദാഹരണത്തിന്, 100 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ച് ആഭരണം ഉണ്ടാക്കുമ്പോള്‍, ഏകദേശം 5 ഗ്രാം വരെ നഷ്ടപ്പെടാം. സ്വര്‍ണ്ണവില 10 ഗ്രാമിന് 50,000 രൂപയായാലും 1,30,000 രൂപയായാലും, ഈ 5 ഗ്രാം നഷ്ടം അതുപോലെ ഉണ്ടാകും. നിര്‍മ്മാണ പ്രക്രിയ മാറുന്നില്ല. നഷ്ടപ്പെടുന്ന അളവ് മാറുന്നില്ല..നഷ്ടപ്പെടുന്ന ഈ സ്വര്‍ണ്ണത്തിന്റെ അളവ് ഒരുപോലെയാണെങ്കിലും, അതിന്റെ മൂല്യം സ്വര്‍ണ്ണവില മാറുന്നതിനനുസരിച്ച് കുതിച്ചുയരും.
ഉദാഹരണത്തിന് സ്വര്‍ണ്ണവില 10 ഗ്രാമിന് 50,000 രൂപയാണെങ്കില്‍, 5 ഗ്രാം നഷ്ടത്തിന്റെ മൂല്യം 25,000 രൂപയായിരിക്കും. സ്വര്‍ണ്ണവില 10 ഗ്രാമിന് 1,30,000 രൂപയാണെങ്കില്‍, 5 ഗ്രാം നഷ്ടത്തിന്റെ മൂല്യം 65,000 രൂപയായിരിക്കും.
സ്വര്‍ണ്ണവില എത്ര കൂടിയാലും കുറഞ്ഞാലും പണിക്കൂലിക്ക് ഒരു നിശ്ചിത തുക (ഉദാഹരണത്തിന് 5,000 രൂപയോ 10,000 രൂപയോ) ഈടാക്കിയാല്‍ എന്ത് സംഭവിക്കും?.
സ്വര്‍ണ്ണവില കുത്തനെ ഉയരുന്ന വര്‍ഷങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ ഓരോ ആഭരണത്തിലും ജ്വല്ലറികള്‍ക്ക് വലിയ നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് പണിക്കൂലി ശതമാനക്കണക്കില്‍ നിശ്ചയിക്കുന്നത്.