
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണം അയയ്ക്കുമ്പോള്‍, നികുതി സംബന്ധമായ കാര്യങ്ങളും നിയമപരമായ നടപടികളും പലപ്പോഴും മറന്നുപോകാറുണ്ട്. കുടുംബത്തെ സഹായിക്കുന്നതിനോ, ലോണ്‍ തിരിച്ചടക്കുന്നതിനോ, നിക്ഷേപങ്ങള്‍ നടത്തുന്നതിനോ പണം അയയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാല്‍ ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് വരാനും പിഴ ശിക്ഷ നേരിടാനും സാധ്യതയുണ്ട്. നികുതി നല്‍കേണ്ട പരിധിയില്‍ വരുന്നില്ലെങ്കില്‍ പോലും, ഓരോ പണമിടപാടിന്റെയും കൃത്യമായ രേഖകളും 'പര്‍പ്പസ് കോഡും' (എന്തിനാണ് പണം അയച്ചതെന്നുള്ള വിവരങ്ങള്‍) സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വിദേശത്ത് ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന, സാധുവായ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാരെയാണ് എന്‍ആര്‍ഐ എന്ന് കണക്കാക്കുന്നത്. എന്‍.ആര്‍.ഐ. ഇടപാടുകള്‍ക്ക് 'ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് മാനേജ്മെന്റ് ആക്ട്' നിയമങ്ങളാണ് ബാധകം. പ്രവാസികള്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് പണം അയയ്ക്കുമ്പോള്‍, അയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആദായനികുതി ബാധ്യതയില്ല. അതായത്, ഈ തുകയ്ക്ക് പൂര്‍ണ്ണമായും നികുതി ഇളവുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിക്ഷേപങ്ങള്‍ക്കായി പണം അയയ്ക്കുമ്പോള്‍
ബന്ധുക്കള്‍ക്കുള്ള സമ്മാനം കൂടാതെ, ലോണ്‍ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി പ്രവാസികള്‍ക്ക് നേരിട്ട് സാമ്പത്തിക സ്ഥാപനങ്ങളിലേക്ക് പണം അയയ്ക്കാം.
നികുതി ലാഭിക്കാന്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുക
പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്ന അക്കൗണ്ടുകളേതൊക്കെയെന്ന് നോക്കാം
നോണ്‍-റെസിഡന്റ് എക്സ്റ്റേണല്‍ (NRE) അക്കൗണ്ട്:വിദേശ കറന്‍സിയില്‍ അയയ്ക്കുന്ന പണം രൂപയായി സ്വയം മാറ്റപ്പെടും.പ്രവാസിയെ റിയല്‍ എസ്റ്റേറ്റ്, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്നു.
നികുതി ഇളവ്: എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപങ്ങളിലോ ) ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(4)(ii) പ്രകാരം പൂര്‍ണ്ണമായും നികുതി ഇളവുണ്ട്. നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ഈ അക്കൗണ്ടിലെ പണം എളുപ്പത്തില്‍ തിരികെ കൊണ്ടുപോകാനും സാധിക്കും.
ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് അക്കൗണ്ട്: നിക്ഷേപം വിദേശ കറന്‍സിയില്‍ തന്നെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.