
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവുളളതായി സൂചന. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ (പാക്സ്) ഓഹരി മൂല്യ നിര്‍ണയം കൃത്യമായി നടത്തിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എല്ലാ ജില്ലാ ബാങ്കുകള്‍ക്കും ഓരേ മൂല്യമായിരിക്കും.
നിലവില്‍ വലിയ മൂല്യമുളള പാക്സുകളുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കും. ലാഭത്തിലുളള ബാങ്കുകളുടെ ഓഹരി ഉടമകളായ പാക്സുകള്‍ക്കും നഷ്ടത്തിലുളളവയുടെ ഓഹരി ഉടമകളായ പാക്സുകള്‍ക്കും ഓരേ മൂല്യം വരുന്നതിനാലാണിത്. റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രാഥമിക സംഘങ്ങളുടെ ബിസിനസ് സംബന്ധിച്ചും വിശദീകരിച്ചിട്ടില്ല. പാക്സുകള്‍ ജില്ലാ ബാങ്കില്‍ അടച്ചിട്ടുളള ഓഹരികള്‍ അതേ മൂല്യത്തിലാകും കേരള ബാങ്കിലേക്ക് മാറ്റുന്നതും, ഇത് ആശയക്കുഴപ്പം വര്‍ധിക്കാനിടയാക്കും.
പാക്സുകള്‍ ചേര്‍ന്ന് തെരഞ്ഞടുക്കുന്ന ഭരണ സമിതിയാകും കേരള ബാങ്കിന്‍റെ നയം തീരുമാനിക്കുക. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാക്സുകളെ പൊതു ബാങ്കിങ് സോഫ്റ്റ്‍വെയറിന്‍റെ ഭാഗമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.