നിലവിലെ വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

By Web TeamFirst Published Sep 27, 2021, 7:58 PM IST
Highlights

ഇന്നോ നാളെയോ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്

ദില്ലി: നിലവിലെ വിദേശ വ്യാപാര നയത്തിന്റെ (Foreign Trade Policy) കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ(Commerce and industry minister Piyush Goyal). 2015 മുതൽ 2020 വരെയുള്ള വിദേശ വ്യാപാര നയത്തിന്റെ കാലാവധി നേരത്തെ സെപ്തംബർ 30 വരെയാണ് നീട്ടിയിരുന്നത്. ഇതാണിപ്പോൾ നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാനം വരെ നീട്ടാൻ ആലോചിക്കുന്നത്. .

ഇന്നോ നാളെയോ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മാർച്ച് 31 വരെ ഇപ്പോഴത്തെ പോളിസി നീട്ടിയാൽ അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ വിദേശ വ്യാപാര നയം ഏർപ്പെടുത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടർന്നായിരുന്നു കഴിഞ്ഞ തവണ കാലാവധി നീട്ടിയത്. കയറ്റുമതി രംഗത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ, സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായ നയങ്ങൾ, തൊഴിൽ അസരം സൃഷ്ടിക്കാനുള്ള പദ്ധതികളുമെല്ലാം അടങ്ങിയതാണ് വിദേശ വ്യാപാര നയം.

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കുവെച്ചു. 2020 മാർച്ച് 31 ന് വിദേശവ്യാപാര നയം 2021 മാർച്ച് 31 വരെ നീട്ടിയിരുന്നു. ഇവിടെ നിന്നാണ് ഇത് 2021 സെപ്തംബർ 30 ലേക്കും ഇപ്പോൾ 2022 മാർച്ച് 31 ലേക്കും നീട്ടിയിരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്തംബർ 21 വരെ 185 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

click me!