കയറ്റുമതി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‍ലൈൻ ആരംഭിക്കും: പീയുഷ് ​ഗോയൽ

By Web TeamFirst Published Sep 20, 2021, 5:52 PM IST
Highlights

ഓഗസ്റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 8.2 ബില്യൺ ഡോളറായിരുന്നു.

ദില്ലി: കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ പരി​ഹരിക്കുന്നതിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‍ലൈൻ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ​ഗോയൽ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിനായുള്ള അമൃത് മഹോത്സവ് പരിപാടിയുടെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.  

'ബ്രാൻഡ് ഇന്ത്യ’ എന്നതിനെ ഗുണനിലവാരം, ഉൽപാദനക്ഷമത, ഇന്നോവേഷൻ എന്നിവയുടെ പ്രതിനിധിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് ഇന്ന് തുടക്കമായി. 

കയറ്റുമതി രം​ഗത്ത് ഇന്ത്യ വൻ മുന്നേറ്റമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു.

ഇറക്കുമതി 51.72 ശതമാനം ഉയർന്ന് 47.09 ബില്യൺ ഡോളറിലെത്തി. ഓഗസ്റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 8.2 ബില്യൺ ഡോളറായിരുന്നു.

2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതിയുടെ മൊത്തം മൂല്യം 67.33 ശതമാനം ഉയർന്ന് 164.10 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 98.06 ബില്യൺ ഡോളറായിരുന്നു. 2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇറക്കുമതി 219.63 ബില്യൺ യുഎസ് ഡോളറാണ്. പോയ വർഷം ഇത് 121.42 ബില്യൺ യുഎസ് ഡോളറായിരുന്നു. 

വ്യാവസായിക വളർച്ചയിൽ ഉത്തർപ്രദേശ് പ്രശംസനീയമായ പുരോഗതി കൈവരിച്ചു. സാമൂഹ്യ മേഖലകളിലെ പരിഷ്കാരങ്ങൾ വികസനത്തെ ആരോഗ്യകരമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 


 

click me!