ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5,700 കോടി ലഭിക്കും: മുഴുവൻ തുകയും കൈമാറണമെന്ന് കേരളം

By Web TeamFirst Published Oct 18, 2020, 11:40 PM IST
Highlights

നേരത്തെ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം തീരുമാനിച്ചെങ്കിലും തൽക്കാലം അത്തരം നടപടികൾ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുളളത്. 

ദില്ലി: ജിഎസ്ടി നഷ്ടപരിഹാര വിതരണം ഘട്ടം ഘട്ടമായി നടത്താൻ കേന്ദ്ര സർക്കാർ. നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ മൊത്തം 1.10 ലക്ഷം കോ‌ടി രൂപയാണ് കേന്ദ്ര സർക്കാർ വായ്പയായി എടുക്കുന്നത്. 1.70 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകിയാൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ സർക്കാരിനാകും. ഇക്കാര്യം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ ഉന്നയിച്ചിരുന്നെങ്കിലും 1.10 ലക്ഷം കോടി രൂപ വായ്പയെടുത്താൻ മതിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. 

കേരളത്തിന് വിവിധ ഘട്ടങ്ങളായി ആകെ 5,700 കോടി രൂപ ലഭിക്കും. എന്നാൽ, ജനുവരി വരെയുളള നഷ്ടപരിഹാരമായി 12,000 കോടി രൂപ ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തെഴുതും. സംസ്ഥാനത്തിന് ലഭിക്കാനുളള മുഴുവൻ തുകയും കൈമാറണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടും. 

നേരത്തെ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം തീരുമാനിച്ചെങ്കിലും തൽക്കാലം അത്തരം നടപടികൾ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുളളത്. 

click me!