ആറ് ബസുകളുള്ള നജീബിന്റെ ഷെഡിലിപ്പോള്‍ വണ്ടികളല്ല, പോത്തുകള്‍!

By Kiran GangadharanFirst Published Oct 16, 2020, 2:56 PM IST
Highlights

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബസുകള്‍ ഷെഡില്‍ കയറ്റിയപ്പോളാണ് നജീബ് ജീവിതത്തിന്റെ 'റൂട്ട്' മാറ്റിയത്. സ്വരുക്കൂട്ടി വെച്ച പണവും ചങ്ങാതിമാരില്‍ നിന്ന് കടം വാങ്ങിയതും ചേര്‍ത്ത് ആറ് ലക്ഷം രൂപയില്‍ തുടങ്ങിയ പോത്ത് കച്ചവടമാണ്. ഇതുവരെ 200 പോത്തുകളെ വിറ്റു, നജീബ്

കാസര്‍കോട്: കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതും കാത്ത് നിന്നാല്‍ കാര്യം നടക്കുമോ? ഇല്ല. അതിനാല്‍, കാത്ത് നില്‍ക്കാന്‍ വേറെ ആളെ നോക്കാന്‍ പറഞ്ഞ് പോത്തുകച്ചവടം തുടങ്ങിയിരിക്കുകയാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞിരംപൊയില്‍ സ്വദേശിയായ ബസുടമ നജീബ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബസുകള്‍ ഷെഡില്‍ കയറ്റിയപ്പോളാണ് നജീബ് ജീവിതത്തിന്റെ 'റൂട്ട്' മാറ്റിയത്. സ്വരുക്കൂട്ടി വെച്ച പണവും ചങ്ങാതിമാരില്‍ നിന്ന് കടം വാങ്ങിയതും ചേര്‍ത്ത് ആറ് ലക്ഷം രൂപയില്‍ തുടങ്ങിയ പോത്ത് കച്ചവടമാണ്. ഇതുവരെ 200 പോത്തുകളെ വിറ്റു, നജീബ്.

തായന്നൂര്‍-കാലിച്ചാനടുക്കം-നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഗ്യാലക്‌സി ബസ് സര്‍വീസിന്റെ ഉടമയാണ് നജീബ്. അഞ്ച് ടൂറിസ്റ്റ് ബസുകളും രണ്ട് ലൈന്‍ ബസുകളുമുണ്ട്. 'ഇതിലൊരു ലൈന്‍ ബസ് ഞാന്‍ കൊവിഡിന് മുന്‍പ് തന്നെ വിറ്റിരുന്നു, അത് രക്ഷയായി'- നജീബ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇരട്ട സഹോദരന്മാരായ ഇര്‍ഫാനും ഇര്‍ഷാദും നോക്കി നടത്തിയ ടൂറിസ്റ്റ് ബസുകളും നജീബ് നോക്കിനടത്തിയ ലൈന്‍ ബസുകളും നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ന്നത്.

'ഞങ്ങളുടേത് കര്‍ഷക കുടുംബമായിരുന്നു. ഒപ്പം, ബസ് സര്‍വീസും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ ബസുടമ എന്റെ പിതാവിന്റെ സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ ഒരു ബസാണ് ഇപ്പോള്‍ എന്റെ പക്കലുള്ള ലൈന്‍ ബസ്. കൊവിഡ് വലിയ തിരിച്ചടിയായി. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടം എല്ലാ പ്രയാസങ്ങളും സഹിച്ച് തള്ളിനീക്കി. പിന്നീടാണ് ഇളവ് വന്നത്. അതോടെ ബസ് വീണ്ടും നിരത്തിലിറക്കി. പക്ഷെ യാത്രക്കാരില്ല. ഒരു മാസത്തോളം ബസ് ഓടിച്ചിട്ട് ഒരു ദിവസം പോലും ഒരു രൂപ പോലും ബാലന്‍സ് വന്നില്ല. മാസാവസാനം 18000 രൂപ നഷ്ടം സംഭവിച്ചു. അതോടെയാണ് കൊവിഡ് തീരുന്നത് വരെ ബസ് സര്‍വീസ് നടത്തേണ്ടെന്ന് തീരുമാനിച്ചത്. ജീവിക്കാന്‍ പിന്നെന്ത് എന്നാലോചിച്ചപ്പോഴാണ് പോത്ത് കച്ചവടത്തെ കുറിച്ച് ആലോചിച്ചത്,'-നജീബ് പറഞ്ഞു.

ആറ് ലക്ഷം രൂപയോളം സമാഹരിച്ച് 33 കുട്ടി പോത്തുകളും 13 വലിയ പോത്തുകളും വാങ്ങിച്ചു. പിന്നീടത് തുടര്‍ന്നു. ഏറ്റവും ഒടുവിലെത്തിയത് 16 പോത്തുകളുടെ ലോഡാണ്. മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെയാണ് പോത്തുകളെ വാങ്ങുന്നത്. വീടിന് മുന്‍വശത്തുള്ള മതില്‍കെട്ടി തിരിച്ച 50 സെന്റ് പുരയിടത്തിലാണ് പോത്തുകളെ പരിപാലിക്കുന്നത്. 60 പോത്തുകളെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഒരു ഫാം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.  വെള്ളത്തിന് ഓട്ടോമാറ്റിക് സംവിധാനമാണ്. പോത്തുകള്‍ക്ക് പുല്ല് നല്‍കാനും ഫാം വൃത്തിയാക്കാനുമേ ആളെ ആവശ്യമുള്ളൂ. അതിനാല്‍, പരിപാലന ചെലവും കുറയുമെന്ന് നജീബ് പ്രതീക്ഷിക്കുന്നു.

'ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കിട്ടിയ എല്ലാ ബന്ധങ്ങളും പോത്ത് കച്ചവടത്തിന് വേണ്ടി ഉപയോഗിച്ചു. പോത്ത് ലോഡ് വന്നാല്‍, വെറ്ററിനറി ഡോക്ടറെ വിളിച്ച് പറയും. അവര്‍ വന്ന് പോത്തുകളെ നോക്കും. ചികിത്സ വേണ്ടവയ്ക്ക് അത് നല്‍കും'-നജീബ് പറയുന്നു.

നജീബിനു മാത്രമല്ല, ജില്ലയിലെ മറ്റ് ബസ് ഉടമകള്‍ക്കും കഷ്ടകാലമാണ് ഇപ്പോള്‍. വന്‍ തിരിച്ചടിയാണ് ഉണ്ടായതെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഹൊസ്ദൂര്‍ഗ് താലൂക്ക് സെക്രട്ടറി ശ്രീപദി പറയുന്നു. 'നജീബ് സ്മാര്‍ട്ടായി പോത്ത് കച്ചവടം തുടങ്ങി, രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ പലരും മത്സ്യവില്‍പ്പനയും ഇറച്ചിക്കോഴി വില്‍പ്പനയും കെട്ടിട നിര്‍മ്മാണവും തുടങ്ങി. ആറ് മാസമായി തമ്മില്‍ ഒരു ബന്ധവും ഇല്ല. പലരും വിഷമം വിളിച്ചുപറയാറുണ്ട്. ഒന്നറിയാം, പലര്‍ക്കും ജീവിക്കാനുള്ള വഴിപോലുമില്ല. സര്‍ക്കാറിനോട് നേരത്തെ തന്നെ സഹായം ചോദിക്കുന്നതാണ്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടു. നികുതി ഒഴിവാക്കി സഹായിക്കാനോ സര്‍ക്കാറിനാവൂ. അതുകൊണ്ട് മാത്രം കാര്യമില്ല. ഇപ്പോഴും സര്‍വീസ് നടത്തുന്ന ബസുകളുണ്ട്. എന്തെങ്കിലും തുക ബാക്കി വന്നാല്‍ അത് ജീവനക്കാര്‍ക്ക് വീതിച്ച് കൊടുക്കുകയാണ്, ഉടമയ്ക്ക് ലാഭമില്ല. കാര്യങ്ങള്‍ പഴയത് പോലായാല്‍ ജീവനക്കാര്‍ തിരികെ വരുമോയെന്ന് അറിയില്ല'-ശ്രീപദി പറഞ്ഞു.

നജീബിനെ ആശ്രയിച്ചും 13 ജീവനക്കാര്‍ ഉണ്ടായിരുന്നു. ലൈന്‍ ബസില്‍ മൂന്ന് പേരും അഞ്ച് ടൂറിസ്റ്റ് ബസുകളിലായി പത്ത് പേരും. അവരെല്ലാം പല വഴി പിരിഞ്ഞുപോയി. കെട്ടിട നിര്‍മ്മാണം, ഓട്ടോറിക്ഷ ഓടിക്കല്‍, മീന്‍ വിൽപ്പന എന്നിങ്ങനെ പല രീതിയില്‍ ഉപജീവനം കഴിക്കുകയാണ് ഇവര്‍. പെട്ടെന്നൊരു ദിവസം ബസ് സര്‍വീസ് നിന്നുപോയപ്പോള്‍ ജോലി നഷ്ടപ്പെട്ടയാളാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗവും കാസര്‍കോട് ജില്ലാ ട്രഷററുമായ കെ പ്രഭാകരന്‍. 'തൊഴിലുറപ്പ് പണിക്ക് പോയാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. അങ്ങനെ പലയാളുകളുണ്ട്. കിട്ടുന്ന പണിക്ക് പോവുക എന്നേയുള്ളൂ'- പ്രഭാകരന്‍ പറയുന്നു.

പോത്ത് കച്ചവടം ലാഭകരമാണെങ്കിലും ബസ് സര്‍വീസ് നിര്‍ത്താന്‍ നജീബ്  ഉദ്ദേശിച്ചിട്ടില്ല. കൊവിഡ് കാലം കഴിഞ്ഞ് കാര്യങ്ങള്‍ പഴയതുപോലായാല്‍ ബസ് വീണ്ടും ഇറക്കും. 'ജീവിക്കാനുള്ളത് ബസില്‍ നിന്ന് കിട്ടുന്നുണ്ട്. ഞാന്‍ ജനിക്കും മുമ്പേ തുടങ്ങിയ കുടുംബ ബിസിനസാണ് ബസ്. അത് നിര്‍ത്താനാവില്ല. എങ്കിലും ഇനി പോത്ത് കച്ചവടമാകും മെയിന്‍'- നജീബിന്റെ വാക്കുകള്‍.

ഓരോ ലോഡിനും അഞ്ച് ലക്ഷം രൂപയോളം ചിലവുണ്ട് നജീബിന്. 35-36 ചെറിയ പോത്തുകള്‍ ഓരോ ലോഡിലും ഉണ്ടാകും. പോത്തുകള്‍ എത്തിയാല്‍ വിവരമറിഞ്ഞ് ആളുകളും വരാന്‍ തുടങ്ങും. ദിവസം ചുരുങ്ങിയത് രണ്ടും മൂന്നും പോത്തുകളെ വില്‍ക്കുന്നുണ്ട്. 14,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് വില. പോത്തിന്റെ ആരോഗ്യവും ഭാരവും നോക്കിയാണ് വിലയിടുക. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കണ്ണൂര്‍ ജില്ലയിലും പോത്തുകളെ വിറ്റുവെന്ന് ഇദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല ജില്ലകളിലും ബസുകള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ബസുകള്‍ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്‍ വാങ്ങാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് പല ജില്ലകളിലും ഇങ്ങനെ ചുളുവിലയ്ക്ക് നിരവധി ഉടമകള്‍ ബസുകള്‍ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എം പി സത്യന്‍ സാക്ഷ്യപ്പെടുത്തുന്നു.

സംസ്ഥാനത്തെ 60 ശതമാനം ബസ് ഉടമകളും കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയാണ് വ്യവസായം ഓടിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ സംസ്ഥാനത്താകെ 12,600 ഓളം സ്വകാര്യ ബസുകളാണ് ഉള്ളത്, 10 വര്‍ഷം മുമ്പ് 32,000 ഓളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്താണിത്. വന്‍കിട കമ്പനികളൊക്കെ നേരത്തെ തന്നെ ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ചെറുകിടക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഈ വ്യവസായത്തിലുള്ളത്. അതില്‍ത്തന്നെ രണ്ടോ മൂന്നോ തൊഴിലാളികള്‍ ചേര്‍ന്നു നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും. കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകള്‍ തന്നെ ആളില്ലാത്തതിനാല്‍ വലിയ നഷ്ടത്തിലാണ്. പല ബസുകളിലേയും ടയറും എഞ്ചിനും ബാറ്ററിയും നശിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് വലിയ തുക ചെലവാകും. ഇന്ധനം, ടയര്‍, സ്‌പെയര്‍പാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തില്‍ വന്‍തുക ഉടമകള്‍ക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടുമാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. ഈ തുക നല്‍കാന്‍ മറ്റു വഴികളില്ലാതായ അവസ്ഥയാണ്. ഇതോടെയാണ് ബസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഉടമകള്‍ പറയുന്നത്.

ഈ അവസ്ഥയിലും കാലം മാറാന്‍ കാത്തുനില്‍ക്കാതെ, പ്രായോഗികമായി ചിന്തിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിച്ചതാണ് നജീബിന്റെ വിജയത്തിന്റെ അടിസ്ഥാനം. ജീവിതത്തിലെ ദുര്‍ഘട ഘട്ടത്തില്‍ പതറി നില്‍ക്കുന്നവര്‍ക്ക് ഊര്‍ജ്ജമാവുന്നതാണ് നജീബിന്റെ ധൈര്യം.

click me!