
സോഷ്യൽ മീഡിയ തുറന്നാൽ കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ ഒരു ട്രിപ്പ് മോഡ് ഫോട്ടോയെങ്കിലും കാണാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ? ഇൻസ്റ്റഗ്രാം മുഴുവൻ സോളോ ട്രിപ്പുകളുടെയും വെക്കേഷൻ ഫോട്ടോകളുടെയും മേളം...ഫീഡിൽ നിറയെ അവധിക്കാല യാത്രകളുടെ ചിത്രങ്ങളാണെങ്കിലും, ഇന്ത്യക്കാര്‍ യഥാര്‍ത്ഥത്തില്‍ കൂടുതലും യാത്ര ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? അവധിക്കാലം ആഘോഷിക്കാനല്ല, മറിച്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇന്ത്യക്കാര്‍ കൂടുതലും യാത്ര ചെയ്യുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇന്ത്യക്കാരുടെ യാത്രാശീലങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ പുറത്തുവന്നത്.
ആളുകള്‍ എന്തിന് യാത്ര ചെയ്യുന്നു, എത്ര ദിവസം തങ്ങുന്നു, എത്ര രൂപ ഇതിനായി ചെലവാക്കുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍വേ പ്രധാനമായും പരിശോധിച്ചത്. ഇന്ത്യയിലൊട്ടാകെ 2,46,113 വീടുകളിലാണ് സര്‍വേ നടത്തിയത്. ഗ്രാമങ്ങളില്‍ നിന്ന് 1,42,603 വീടുകളും നഗരങ്ങളില്‍ നിന്ന് 1,03,510 വീടുകളും സാമ്പിളായി ഉപയോഗിച്ചു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആളുകള്‍ ഒരു രാത്രിയെങ്കിലും തങ്ങി ചെയ്യുന്ന യാത്രകളില്‍ 48 ശതമാനവും തീര്‍ഥാടനത്തിനും മതപരമായ ആവശ്യങ്ങള്‍ക്കുമാണെന്നാണ് കണ്ടെത്തൽ. രണ്ടാം സ്ഥാനത്തേക്ക് ഗ്രാമവും നഗരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാമങ്ങളില്‍ നിന്നുള്ളവരില്‍ 38.4 ശതമാനവും ചികിത്സാ ആവശ്യങ്ങള്‍ക്കാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ നഗരങ്ങളിലുള്ളവരില്‍ 36.4 ശതമാനവും അവധിക്കാലം ആഘോഷിക്കാനും വിനോദത്തിനുമാണ് യാത്ര തിരിക്കുന്നത്.
ഇന്ത്യക്കാര്‍ കൂടുതലും ചെറിയ യാത്രകളാണ് തിരഞ്ഞെടുക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. ശരാശരി 2.03 പേരാണ് ഒരു യാത്രയില്‍ ഒരുമിച്ച് പങ്കെടുക്കുന്നത്. ഇതില്‍ തന്നെ 80 ശതമാനം ആളുകളും അഞ്ച് ദിവസമോ അതില്‍ താഴെയോ മാത്രമേ യാത്രകള്‍ക്കായി മാറ്റിവെക്കുന്നുള്ളൂ.
യാത്രാമാര്‍ഗങ്ങളിലും താമസസ്ഥലങ്ങളിലും ഗ്രാമ- നഗര വ്യത്യാസങ്ങള്‍ പ്രകടമാണ്. ഗ്രാമങ്ങളിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബസുകളെയാണ്. 32% പേർ. എന്നാല്‍ നഗരവാസികള്‍ക്ക് പ്രിയം ട്രെയിന്‍ യാത്രയോടാണ് 35% പേർ. താമസത്തിന്റെ കാര്യത്തിലും ഈ വ്യത്യാസമുണ്ട്. നഗരത്തില്‍ നിന്നുള്ള യാത്രികരില്‍ 36 ശതമാനവും ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് താമസിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നുള്ളവരില്‍ 28 ശതമാനവും വാണിജ്യാടിസ്ഥാനത്തിലല്ലാത്ത താമസ സൗകര്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സ്വന്തം പേരിലുള്ള രണ്ടാമത്തെ വീട്, ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന താമസം, മതപരമായ സ്ഥാപനങ്ങള്‍ നല്‍കുന്ന സൗജന്യ താമസം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. സംസ്ഥാനത്തിനകത്ത് നിന്നുള്ളവരും പുറത്ത് നിന്നുള്ളവരുമടക്കം ആകെയുള്ള യാത്രക്കാരില്‍ 15.7 ശതമാനവും എത്തിയത് യുപിയിലേക്കാണ്. തമിഴ്നാടാണ് തൊട്ടുപിന്നില്‍ (13.4%). 8 ശതമാനം യാത്രക്കാരുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുണ്ട്.
എല്ലാ യാത്രകള്‍ക്കും ഒരേ ചെലവല്ല വരുന്നത്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത് ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്കാണ്. ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരം യാത്രകള്‍ക്ക് ശരാശരി 29,454 രൂപയും നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് 41,649 രൂപയുമാണ് ചെലവാകുന്നത് . അതേസമയം, വിനോദസഞ്ചാരത്തിനും അവധിക്കാല ആഘോഷങ്ങള്‍ക്കുമായി നടത്തുന്ന യാത്രകളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാകുന്നത് യാത്രാക്കൂലിക്കാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.