ഇന്ധനവില കുറയാൻ ജിഎസ്ടി അല്ല പരിഹാരം; കേന്ദ്ര സെസ് ഒഴിവാക്കണമെന്നും കെ എൻ ബാല​ഗോപാൽ

By Web TeamFirst Published Sep 16, 2021, 8:28 PM IST
Highlights

വില കുറയണമെങ്കിൽ കേന്ദ്ര സെസ് ഒഴിവാക്കണം. സെസ് ഒഴിവാക്കിയാൽ ഇന്ധനവില 70ന് അടുത്തെത്തുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 
 

തിരുവനന്തപുരം: ഇന്ധനവില കുറയാൻ ജിഎസ്ടി അല്ല പരിഹാരമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. വില കുറയണമെങ്കിൽ കേന്ദ്ര സെസ് ഒഴിവാക്കണം. സെസ് ഒഴിവാക്കിയാൽ ഇന്ധനവില 70ന് അടുത്തെത്തുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയഞ്ചാമത് യോഗം നാളെ ലക്നൗവില്‍ നടക്കാനിരിക്കുകയാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.

പെട്രോള്‍ ഡീസല്‍ , പ്രകൃതി വാതകം, വിമാന ഇന്ധനം  എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം  കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജിഎസിടിയില്‍  ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും. നിലവില്‍ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.  പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ വലിയ തീരുമാനം സർക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചനകള്‍.  എന്നാല്‍ ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്.  വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതെനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. പക്ഷെ  എതിര്‍പ്പ്  രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമെന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്.
 യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും  സംസ്ഥാനങ്ങള്‍ക്കുള്ള  ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!