
ദില്ലി: ഫെബ്രുവരി മാസത്തിലും ജിഎസ്ടി (GST) വരുമാനം ഒരു ലക്ഷം കോടി (One Lakh crore) കവിഞ്ഞു. 133026 കോടി രൂപയാണ് 2022 ഫെബ്രുവരിയിലെ ( February) ജിഎസ്ടി വരുമാനം (GST Income). 24435 കോടിരൂപ സെൻട്രൽ ജിഎസ്ടിയാണ്. എസ്ജിഎസ്ടി 30779 കോടി. ഐജിഎസ്ടി 67471 കോടി രൂപ. ഇതിൽ 33837 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ ലഭിച്ചതാണ്. സെസ് വരുമാനം 10340 കോടി രൂപ. ഇതിൽ 638 കോടി രൂപ ചരക്ക് ഇറക്കുമതിയിൽ നിന്ന് ലഭിച്ചതാണ്.
മുൻവർഷം ഫെബ്രുവരി മാസത്തിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 26 ശതമാനം വളർച്ച വരുമാനത്തിലുണ്ടായി. ചരക്ക് ഇറക്കുമതി വഴിയുള്ള വരുമാന വളർച്ച 38 ശതമാനമാണ്.
28 ദിവസം മാത്രമുള്ള ഫെബ്രുവരി മാസത്തിൽ ജനുവരി മാസത്തിലെ വരുമാനത്തിലും കുറവാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ രാജ്യമൊട്ടാകെ കൊവിഡിന്റെ നിയന്ത്രണങ്ങൾ പലതരത്തിൽ നിലനിന്ന ഘട്ടത്തിൽ കൂടിയാണ് ഇത്രയും വരുമാന നേട്ടമുണ്ടായതെന്നത് പ്രധാനം. ജനുവരി 20 നോട് അടുത്താണ് ഒമിക്രോൺ വ്യാപനം രാജ്യത്ത് ഏറ്റവും ഉയർന്നതെന്നതാണ് പ്രധാനം.
ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപ കടക്കുന്നത് ഇത് അഞ്ചാം തവണയാണ്. ജിഎസ്ടി ഏർപ്പെടുത്തിയ ശേഷം ജിഎസ്ടി സെസ് വരുമാനം പതിനായിരം കോടി രൂപ കടക്കുന്നത് ഇത് ആദ്യമാണ്.