
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയിൽ സമീപ കാലങ്ങളിൽ വലിയൊരു ഷിഫ്റ്റ് നടക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ട്രാൻസ് യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട്. രാജ്യത്ത് നിലവിൽ ക്രെഡിറ്റ് കാർഡ് ആദ്യമായെടുക്കുന്നവരിൽ പകുതിയും യുവതലമുറയിൽപ്പെട്ടവരാണെന്നും (Gen Z - 30 വയസ്സിൽ താഴെയുള്ളവർ) ഇവരിൽ പകുതിയോളം പേരും വലിയ നഗരങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 'ബിയോണ്ട് ദി സ്വൈപ്പ് 2026: ഹൗ ഇന്ത്യ യൂസസ് കാർഡ് ആസ് എ ക്രെഡിറ്റ് ഇൻസ്ട്രുമെന്റ്' ൽ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2022 മാർച്ചിൽ പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ 30 വയmfന് താഴെയുള്ളവർ 43 ശതമാനമായിരുന്നെങ്കിൽ, 2026 മാർച്ചിൽ അത് 50 ശതമാനമായി ഉയർന്നു. ആദ്യമായി കാർഡ് എടുക്കുന്നവരിൽ 46 ശതമാനം പേരും അർദ്ധ നഗര, ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. നാല് വർഷം മുമ്പ് ഇത് 42 ശതമാനമായിരുന്നു. ക്രെഡിറ്റ് കാർഡുകൾ ഇനി നഗരങ്ങളിലെ സമ്പന്നർക്ക് മാത്രമുള്ളതല്ലെന്ന് ഇത് തെളിയിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. 2016 മാർച്ചിൽ 1.4 കോടിയായിരുന്ന ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം മാർച്ചിൽ 5.2 കോടിയായി (3.6 മടങ്ങ്) വർദ്ധിച്ചു. നിലവിൽ രാജ്യത്ത് സജീവമായ (Active) ക്രെഡിറ്റ് കാർഡുകളുടെ എണ്ണം അഞ്ച് മടങ്ങ് വർദ്ധിച്ച് 10.7 കോടിയിൽ എത്തിനിൽക്കുന്നു.
ഇതേ സമയം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക (Outstanding Balance) 40,000 കോടി രൂപയിൽ നിന്നും 8.3 മടങ്ങ് വർദ്ധിച്ച് 3.1 ലക്ഷം കോടി രൂപയായി. ഒരാളുടെ ശരാശരി കുടിശ്ശിക തുക 31,000 രൂപയിൽ നിന്നും 65,000 രൂപയായി ഉയർന്നു. ഇത് കാർഡുകളുടെ ഉയർന്ന ഉപയോഗത്തെ കാണിക്കുന്നു.
എന്നാൽ, ഇത്രയും വലിയ വളർച്ചയുണ്ടായിട്ടും ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ നിരക്ക് ഇപ്പോഴും വളരെ കുറവാണ്. ഇന്ത്യയിൽ ലോൺ എടുക്കാൻ യോഗ്യതയുള്ളവരിൽ 25 ശതമാനം പേർക്ക് മാത്രമേ ക്രെഡിറ്റ് കാർഡ് ഉള്ളൂ. എന്നാൽ ഇത് കൊളംബിയയിൽ 62%, യുകെയിൽ 70%, ഹോങ്കോങ്ങിൽ 98% എന്നിങ്ങനെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇനിയും വലിയ വളർച്ചാ സാധ്യതയുണ്ട്. ആദ്യമായി കാർഡ് എടുക്കുന്നവരിൽ 25 ശതമാനം പേർക്കും നിലവിൽ തന്നെ മൂന്നോ അതിലധികമോ ലോണുകൾ (ഉദാഹരണത്തിന് മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് ഗൃഹോപകരണങ്ങൾ വാങ്ങാൻ എടുത്ത വായ്പകൾ) ഉള്ളവരാണ്. മുൻതലമുറകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ (Gen Z) കാർഡ് എടുക്കുന്നതിന് മുൻപ് തന്നെ ചെറിയ പേഴ്സണൽ ലോണുകൾ എടുത്തവരാണ്. മാത്രമല്ല, കാർഡ് ലഭിച്ച് 3 മാസത്തിനുള്ളിൽ തന്നെ 25,000 രൂപയ്ക്ക് മുകളിൽ ചെലവഴിക്കുന്നതിൽ ഈ തലമുറ മുന്നിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.