
കടലിനു മുകളിലൂടെ ഒഴുകി നീങ്ങുന്ന കൊട്ടാരങ്ങള്‍, അതാണ് ലളിതമായി പറഞ്ഞാല്‍ ക്രൂയിസ് കപ്പലുകള്‍. കോവിഡ് കാലത്തെ തളര്‍ച്ചയ്ക്ക് ശേഷം ലോക ടൂറിസം മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പണം ഒഴുകുന്നത് ഈ കടല്‍ യാത്രകളിലേക്കാണ്. എന്നാല്‍, ക്രൂയിസ് ബിസിനസ് പൊടിപൊടിക്കുമ്പോഴാണ് 'ഹന്റാവൈറസ്' ഈ വിനോദ വ്യവസായത്തിന് മേല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം ക്രൂയിസ് വ്യവസായം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 3.7 കോടി ആളുകളാണ് ക്രൂയിസ് കപ്പലില്‍ കടല്‍ യാത്രകള്‍ നടത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2025-ല്‍ ഈ മേഖലയുടെ ആകെ വരുമാനം 46 ബില്യണ്‍ യു.എസ് ഡോളറാണ് (അതായത് ഏകദേശം 3.8 ലക്ഷം കോടി ഇന്ത്യന്‍ രൂപ!). 2029 ആകുമ്പോഴേക്കും ഇത് 60 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.
അമേരിക്കന്‍ കമ്പനികളാണ് ഈ രംഗത്തെ രാജാക്കന്മാര്‍. കാര്‍ണിവല്‍ കോര്‍പ്പറേഷന്‍, റോയല്‍ കരീബിയന്‍ എന്നീ കമ്പനികളാണ് ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ കാര്‍ണിവല്‍ കോര്‍പ്പറേഷന്‍ മാത്രം കഴിഞ്ഞ വര്‍ഷം 26.6 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കരീബിയന്‍ കടല്‍ത്തീരങ്ങളും ബഹാമാസുമാണ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങള്‍.
ഇത്രയും വലിയ ഒരു ജനക്കൂട്ടം ഒരുമിച്ച് ഒരു ചെറിയ ചുറ്റളവില്‍ (കപ്പലിനുള്ളില്‍) കഴിയുമ്പോള്‍ ആരോഗ്യ സുരക്ഷ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. കോവിഡിന് ശേഷം വിനോദസഞ്ചാരികള്‍ ആരോഗ്യ കാര്യത്തില്‍ അതീവ ജാഗരൂകരാണ്. ഇവിടെയാണ് ഹന്റാവൈറസ് പോലുള്ള രോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. സാധാരണയായി എലികളിലൂടെയും മറ്റുമാണ് വൈറസ് പകരുന്നത്. കപ്പലുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ ഇത്തരം വൈറസുകള്‍ പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയിരക്കണക്കിന് ടണ്‍ ഭക്ഷണസാധനങ്ങള്‍ സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ക്രൂയിസ് കപ്പലുകളില്‍ എലികളെ നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
2025 ഒരു റെക്കോര്‍ഡ് വര്‍ഷമായിരുന്നെങ്കിലും, 2026-ല്‍ ക്രൂയിസ് വ്യവസായം അല്പം കരുതലോടെയാണ് നീങ്ങുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കപ്പല്‍ ചാലുകളെ ബാധിക്കുന്നുണ്ട്. ഇത് ഇന്ധനവില വര്‍ദ്ധിക്കാനും യാത്രാ നിരക്ക് കൂടാനും കാരണമാകുന്നു. ഏറ്റവുമൊടുവിലായി പുതിയ തരം വൈറസുകളെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കുമായി കമ്പനികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കേണ്ടി വരും.