ഇന്ത്യയിലെ സ്വർണ നിക്ഷേപ സങ്കൽപ്പങ്ങൾ മാറുകയാണ്. ഇതിന് ചുക്കാൻ പിടിക്കുന്നത് ജെൻ സിയാണ്. ആഭരണങ്ങൾക്കപ്പുറം ഡിജിറ്റൽ സ്വർണം പോലുള്ള പുതിയ നിക്ഷേപ രീതികളിലാണ് അവർക്ക് താല്പര്യം. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം, ഈ മാറ്റം ഇന്ത്യയുടെ അടുത്ത സ്വർണ കുതിപ്പിന് കാരണമാകും.
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പരമ്പരാഗതമായ കാഴ്ച്ചപ്പാട് മാറുകയാണ്. ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ജെന്‍ സിയും. ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് പകരം സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഫിനാന്‍സിന്റെയും പുതിയ നിക്ഷേപ രീതികളുടെയും പിന്‍ബലത്തിലാകും ഇന്ത്യയിലെ അടുത്ത സ്വര്‍ണ കുതിപ്പ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടായ 'സ്വര്‍ണിം ഉഡാന്‍ 2047' വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ വീടുകളില്‍ നിലവില്‍ 31,000 ടണ്ണിലധികം സ്വര്‍ണമുണ്ട്. ഇതിന് ഏകദേശം 315 ലക്ഷം കോടി രൂപ മൂല്യം വരും. എന്നാല്‍ ഈ വമ്പന്‍ സമ്പത്തിന്റെ സിംഹഭാഗവും വീടുകളിലെ അലമാരകളിലും ലോക്കറുകളിലുമായി വെറുതെ ഇരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ, എന്നാല്‍ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക സ്രോതസുകളിലൊന്നാണിത്.
എന്തുകൊണ്ട് 'ജെന്‍ സി' നിര്‍ണായകമാകുന്നു?
1997-നും 2012-നും ഇടയില്‍ ജനിച്ച 'ജനറേഷന്‍ സി' അഥവാ ഇന്നത്തെ യുവതലമുറയ്ക്ക് സ്വര്‍ണം വെറുമൊരു പാരമ്പര്യ ആഭരണം മാത്രമല്ല. എളുപ്പത്തില്‍ കൈകാര്യം ചെയ്യല്‍, പെട്ടെന്ന് പണമാക്കി മാറ്റാനുള്ള സൗകര്യം, ഡിജിറ്റല്‍ ആക്‌സസ് എന്നിവയ്ക്കാണ് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വെറും ആഭരണങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഡിജിറ്റല്‍ സ്വര്‍ണത്തിലും പുതിയ സാങ്കേതികവിദ്യാ അധിഷ്ഠിത നിക്ഷേപങ്ങളിലും ഇവര്‍ വലിയ താല്പര്യം കാണിക്കുന്നു. ഓണ്‍ലൈനില്‍ വിവരങ്ങള്‍ തിരഞ്ഞ ശേഷം നേരിട്ട് കടകളില്‍ പോയി വാങ്ങുന്ന ഇവരുടെ രീതി, സ്വര്‍ണ വ്യാപാരികളെപ്പോലും പുതിയ വിപണന തന്ത്രങ്ങള്‍ മെനയാന്‍ പ്രേരിപ്പിക്കുകയാണ്. 2035 ഓടെ ഇന്ത്യയുടെ ഉപഭോക്തൃ ചെലവിന്റെ 2 ട്രില്യണ്‍ ഡോളറും ഈ തലമുറയുടെ സംഭാവനയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ആഭരണങ്ങളോടുള്ള പ്രിയം കുറയുന്നില്ല, പക്ഷേ ശീലം മാറുന്നു
ഏപ്രില്‍- ജൂണ്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും, വില കൂടുതലായതിനാല്‍ ഇതിനായി ചിലവാക്കിയ തുകയില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 6 ശതമാനം ഇടിവ് (131 ടണ്‍) ഉണ്ടായെങ്കിലും, വിറ്റുവരവ് 50 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് തുകയായ 1.98 ലക്ഷം കോടി രൂപയിലെത്തി. വിവാഹ സീസണും അക്ഷയ തൃതീയയും വില്‍പ്പനയ്ക്ക് സഹായകമായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിമാന്‍ഡ് കുറവായിരുന്നു. വില കൂടിയതോടെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഭാരം കുറഞ്ഞ ആഭരണങ്ങള്‍, കുറഞ്ഞ കാരറ്റ് സ്വര്‍ണം, കല്ല് വെച്ച ഡിസൈനുകള്‍ എന്നിവയിലേക്കാണ് തിരിയുന്നത്.പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന എക്‌സ്‌ചേഞ്ച് ഓഫറുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.


