എത്യോപ്യന്‍ എയര്‍ലൈന്‍സിനെ ലാഭത്തിലാക്കിയ തെവോള്‍ഡെ ഗെബ്രെമറിയം എയര്‍ ഇന്ത്യയുടെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുകയാണ്. റെക്കോര്‍ഡ് സാമ്പത്തിക നഷ്ടം, വിമാനാപകടത്തിന്റെ ആഘാതം തുടങ്ങിയ കടുത്ത പ്രതിസന്ധികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പ്രതിസന്ധികളെ വിജയകരമായി നേരിട്ട അദ്ദേഹത്തിന്റെ പരിചയസമ്പത്തില്‍ കമ്പനി പ്രതീക്ഷയര്‍പ്പിക്കുന്നു.

എയര്‍ ഇന്ത്യയുടെ പുതിയ സിഇഒ ആയി തെവോള്‍ഡെ ഗെബ്രെമറിയം ചുമതലയേല്‍ക്കുമ്പോള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് വിമാനക്കമ്പനി കടന്നുപോകുന്നത്. പൈലറ്റിനെതിരായ ലഹരി പരിശോധനാ അന്വേഷണം, കഴിഞ്ഞ വര്‍ഷമുണ്ടായ അഹമ്മദാബാദ്- ലണ്ടന്‍ വിമാനാപകടത്തിന്റെ ആഘാതം, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം എന്നിവയാണ് പുതിയ മേധാവിയെ കാത്തിരിക്കുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സിനെ ആഫ്രിക്കയിലെ ഏറ്റവും വലിയ ലാഭകരമായ കമ്പനികളിലൊന്നാക്കി മാറ്റിയ വ്യക്തിയാണ് തെവോള്‍ഡെ ഗെബ്രെമറിയം.

റെക്കോര്‍ഡ് സാമ്പത്തിക നഷ്ടവും സര്‍വീസ് വെട്ടിച്ചുരുക്കലും

198 വിമാനങ്ങളും 91 സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ 5,000 സര്‍വീസുകളുമുള്ള ടാറ്റാ ഗ്രൂപ്പിന് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായും കരകയറ്റാനായിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ വില്‍സണ്‍ സിഇഒ സ്ഥാനം രാജിവച്ചപ്പോള്‍, എയര്‍ ഇന്ത്യയുടെ ആദ്യഘട്ട സ്ഥിരത കൈവരിച്ചെന്നും ഇനി വികസന ഘട്ടമാണെന്നും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം എയര്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2.3 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 21,904.51 കോടി രൂപ) റെക്കോര്‍ഡ് സാമ്പത്തിക നഷ്ടമാണ് രേഖപ്പെടുത്തിയത്. ലാഭകരമായ ഒരു ആഗോള വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റാന്‍ 10 വര്‍ഷം വരെ എടുത്തേക്കാമെന്ന് ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അഹമ്മദാബാദ് ദുരന്തത്തിന്റെ നിഴല്‍

കഴിഞ്ഞ വര്‍ഷം 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ്-ലണ്ടന്‍ വിമാനാപകടത്തിന്റെ ആഘാതത്തില്‍ നിന്ന് എയര്‍ ഇന്ത്യ ഇതുവരെ മുക്തമായിട്ടില്ല. ഇത് കമ്പനിയുടെ പേരിന് വലിയ മങ്ങലേല്‍പ്പിച്ചു. എന്നാല്‍, വലിയ പ്രതിസന്ധികള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള തെവോള്‍ഡെ ഗെബ്രെമറിയത്തിന്റെ വരവ് പ്രതീക്ഷ നല്‍കുന്നതാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ 10 വര്‍ഷത്തിലധികം നീണ്ട സേവനത്തിനിടയില്‍ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനും വരുമാനം നാലിരട്ടിയാക്കാനും അദ്ദേഹത്തിന് സാധിച്ചു. 157 പേര്‍ മരിച്ച 2019 ലെ ബോയിങ് 737 മാക്‌സ് ദുരന്തത്തെയും കോവിഡ് പ്രതിസന്ധിയെയും അദ്ദേഹം വിജയകരമായി നേരിട്ടു. കോവിഡ് കാലത്ത് ചരക്ക് ഗതാഗതം വര്‍ധിപ്പിച്ചാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിനെ അദ്ദേഹം ലാഭത്തില്‍ നിര്‍ത്തിയത്.

പുതിയ ദൗത്യം

ആഗോളതലത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തെവോള്‍ഡെയെ എയര്‍ ഇന്ത്യ സിഇഒ ആയി ഭരണസമിതി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വിമാനക്കമ്പനികളിലൊന്ന് കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ പരിചയസമ്പത്ത് എയര്‍ ഇന്ത്യയ്ക്ക് കരുത്താകുമെന്ന് എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.