ഒന്നിലധികം വരുമാനമുണ്ടോ? ഐടിആര്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമല്ല, നികുതിദായകർ അറിയേണ്ടതെല്ലാം

Published : Jun 04, 2025, 04:36 PM IST
ഒന്നിലധികം വരുമാനമുണ്ടോ? ഐടിആര്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമല്ല, നികുതിദായകർ അറിയേണ്ടതെല്ലാം

Synopsis

വാടക വരുമാനം, ലോട്ടറി, ഓഹരി നിക്ഷേപങ്ങള്‍ തുടങ്ങിയ പല വഴികളിലൂടെ വരുമാനം നേടുന്നവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്.  

നിങ്ങള്‍ക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകളുണ്ടോ? എങ്കില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്.  ശമ്പളക്കാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ വാടക വരുമാനം, ലോട്ടറി, ഓഹരി നിക്ഷേപങ്ങള്‍ തുടങ്ങിയ പല വഴികളിലൂടെ വരുമാനം നേടുന്നവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്.

ഒന്നിലധികം വരുമാനമുള്ളവര്‍ ഐടിആര്‍ എങ്ങനെ ഫയല്‍ ചെയ്യണം?

എല്ലാ രേഖകളും ശേഖരിക്കുക:

1. സാലറി സ്ലിപ്പുകള്‍
2. വാടക കരാറുകള്‍ (വാടക വരുമാനത്തിന്)
3. നിക്ഷേപ രസീതുകള്‍
4. ഫോം 26എഎസ് (ആ സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ്, ടിസിഎസ് ക്ലെയിമുകള്‍ക്ക് ഇത് അത്യാവശ്യമാണ്). ഈ രേഖകളെല്ലാം ഫയല്‍ ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് ശേഖരിക്കുക.

ശരിയായ ഫോം തിരഞ്ഞെടുക്കുക:

ഒന്നിലധികം വരുമാന സ്രോതസ്സുകളുള്ള നികുതിദായകര്‍ക്ക് ഐടിആര്‍ 3 അല്ലെങ്കില്‍ ഐടിആര്‍ 4 തിരഞ്ഞെടുക്കാം. ബിസിനസ്സില്‍ നിന്നും മറ്റ് പ്രൊഫഷനുകളില്‍ നിന്നും വരുമാനമുള്ളവര്‍ക്കുള്ളതാണ് ഈ ഫോമുകള്‍. പ്രിസംപ്റ്റീവ് ബിസിനസ് വരുമാനം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഐടിആര്‍-4 അനുയോജ്യമാണ്.

വാര്‍ഷിക വരുമാന സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക:

2025-26 അസസ്മെന്റ് വര്‍ഷത്തില്‍  അടയ്ക്കേണ്ട നികുതിയില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍, എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദമായ വിവരങ്ങള്‍ക്കായി എഐഎസ് പരിശോധിക്കുക. തീയതിയിലോ മറ്റോ എന്തെങ്കിലും പിശകുണ്ടെങ്കില്‍, എഐഎസ് പോര്‍ട്ടല്‍ വഴി അത് തിരുത്താന്‍ അപേക്ഷ നല്‍കുക.

ബാധകമായ കിഴിവുകള്‍ മനസ്സിലാക്കുക:

നിങ്ങള്‍ക്ക് വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നാണ് വരുമാനമുള്ളതെങ്കില്‍, ഓരോ വരുമാനത്തിനും ബാധകമായ നികുതി വ്യത്യാസപ്പെടാം. പുതിയ നികുതി വ്യവസ്ഥയാണ് ഇപ്പോള്‍ ഡിഫോള്‍ട്ട് ആയിട്ടുള്ളത്. ഇതിന് കുറഞ്ഞ നികുതി നിരക്കാണുള്ളതെങ്കിലും കിഴിവുകള്‍ പരിമിതമാണ്. പഴയ നികുതി വ്യവസ്ഥയില്‍ ആദായനികുതി നിയമം 1961-ലെ 80സി, 80ഡിഡി, 80ജി തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കൂടുതല്‍ കിഴിവുകള്‍ ലഭിക്കും. ക്ലെയിം ചെയ്യാന്‍ ആഗ്രഹിക്കുന്ന കിഴിവുകള്‍ക്കനുസരിച്ച് ശരിയായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുക. റിട്ടേണ്‍ വെരിഫൈ ചെയ്യുക:

എല്ലാം പരിശോധിച്ച് ഐടിആര്‍ സമര്‍പ്പിച്ച ശേഷം, ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍  റിട്ടേണ്‍ വെരിഫൈ ചെയ്യണം. വെരിഫൈ ചെയ്യാത്ത റിട്ടേണ്‍ അസാധുവായി മാറും. ഓണ്‍ലൈനായോ ഓഫ്ലൈനായോ നിങ്ങള്‍ക്ക് ഐടിആര്‍ വെരിഫൈ ചെയ്യാം.

നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം?

ഐടിആര്‍ ശരിയായി ഫയല്‍ ചെയ്യാത്ത പക്ഷം ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു നോട്ടീസ് ലഭിച്ചാല്‍:

1. നോട്ടീസ് ശ്രദ്ധാപൂര്‍വ്വം വായിക്കുക.
2. അതിന് മറുപടി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കുക.
3. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മറുപടി ഫയല്‍ ചെയ്യുക.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ഒന്നിലധികം വരുമാനമുള്ളവര്‍ക്ക് ആദായനികുതി നോട്ടീസ് ലഭിക്കാതെ തന്നെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം