
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് കാഷ്ലെസ് ക്ലെയിം സൗകര്യം. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ ഈ ക്ലെയിം ലഭിക്കാത്ത സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതിന് കാരണം. നെറ്റ്വര്‍ക്ക് ആക്ടീവായിരിക്കുമ്പോള്‍ പോലും അപേക്ഷ നിരസിക്കപ്പെടാം.
പ്രതിവര്‍ഷം 65,000 രൂപ പ്രീമിയം അടച്ച് 2 കോടി രൂപയുടെ കവര്‍ എടുത്തയാള്‍ക്ക് 10,000 രൂപയുടെ ചെറിയ ക്യാഷ് ലെസ്സ് ക്ലെയിം പോലും നിഷേധിച്ചു എന്ന വാര്‍ത്ത അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വലിയ സം അഷ്വേര്‍ഡ് ഉണ്ടായിട്ടും ചെറിയ ക്ലെയിം പോലും ലഭിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇത്രയും വലിയ ഇന്‍ഷുറന്‍സ് എന്നായിരുന്നു പോളിസി ഉടമയുടെ പ്രധാന ചോദ്യം. പിന്നീട്, ഈ ക്ലെയിം നിരസിക്കുകയല്ല, മറിച്ച് റീഇംബേഴ്‌സ്‌മെന്റ് രീതിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വിശദീകരിച്ചു. എങ്കിലും, സമാന അനുഭവങ്ങളുണ്ടായ മറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ക്യാഷ് ലെസ്സ് ക്ലെയിമുകള്‍ നിഷേധിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. പോളിസിയില്‍ ഉള്‍പ്പെടാത്ത ചികിത്സയ്ക്കായി അപേക്ഷിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍, ആശുപത്രി സമര്‍പ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലോ മറ്റ് രേഖകളിലോ ഇന്‍ഷുറന്‍സ് കമ്പനി സംശയങ്ങള്‍ ഉന്നയിക്കാം. ചികിത്സ പോളിസിയില്‍ ഉള്‍പ്പെടാത്തതോ, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതോ ആകാം കാഷ്ലെസ് അനുമതി തടയാന്‍ കാരണം.
ക്യാഷ് ലെസ്സ് ക്ലെയിം നിഷേധിക്കപ്പെട്ടാലും ചികിത്സ ഉടന്‍ ആരംഭിക്കുക എന്നതാണ് പ്രധാനം. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട ആദ്യ കാര്യം, ആശുപത്രി ആവശ്യപ്പെടുന്ന തുക അഡ്വാന്‍സായി അടയ്ക്കുക എന്നതാണ്. ഇത് ചികിത്സ തടസ്സപ്പെടാതിരിക്കാന്‍ സഹായിക്കും. ശേഷം, ഇന്‍ഷുറന്‍സ് കമ്പനിക്ക് അധിക രേഖകള്‍ സഹിതം അപ്പീല്‍ നല്‍കുകയോ അല്ലെങ്കില്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമിനായി അപേക്ഷിക്കുകയോ ചെയ്യാം. ക്യാഷ് ലെസ്സ് ക്ലെയിം നിഷേധിക്കപ്പെട്ടതുകൊണ്ട് ക്ലെയിം പൂര്‍ണമായും അവസാനിച്ചു എന്ന് കരുതരുത്.