ബജറ്റവതരണത്തിനിടെ, നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം: പൂർണമായി അവതരിപ്പിച്ചില്ല

By Web TeamFirst Published Feb 1, 2020, 2:10 PM IST
Highlights

രണ്ട് മണിക്കൂറും നാൽപത് മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം പൂർത്തിയാക്കാൻ നിർമലാ സീതാരാമന് കഴിഞ്ഞില്ല. ഇടയ്ക്ക് പ്രസംഗം നിർത്തി വീണ്ടും തുടങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

ദില്ലി: ബജറ്റവതരണത്തിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ബജറ്റവതരണം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നിൽക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിച്ചു. രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവർ ബജറ്റവതരണം നിർത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്.

ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവർ സംസാരം നി‍ർത്തിയത്. തുടർന്ന് നെറ്റിയിൽ വിരലമർത്തി അൽപസമയം അവർ നിന്നു. ഉടൻ സഭാ സ്റ്റാഫ് എത്തി അവർക്ക് കുടിക്കാൻ വെള്ളം നൽകി. അൽപസമയം അവർ സംസാരിക്കാതെ നിന്നു. 

ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗും നിർമലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച് അൽപസമയം കൂടി അവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് രണ്ട് പേജ് ബാക്കി നിൽക്കേ, അവർ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളിൽ തന്നെ നിലനിൽക്കുമെന്നും അംഗങ്ങൾക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു. 

ആദായനികുതി ഘടനയിൽത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്‍റെയും അവ്വൈയാറിന്‍റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്‍റെയും കവിതകളടക്കം ചൊല്ലി ദീർഘമായ പ്രസംഗമാണ് നിർമലാ സീതാരാമൻ നടത്തിയത്. 

Read more at: ഇത്തവണയും 'ബഹി ഖാത'; പെട്ടിയിൽ നിന്ന് ചുവന്ന പട്ടിലേക്ക് ബജറ്റിന്‍റെ മാറ്റം

click me!