പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ

Web Desk   | Asianet News
Published : Feb 01, 2020, 01:24 PM ISTUpdated : Feb 01, 2020, 01:26 PM IST
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ

Synopsis

മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് നിർമലാ സീതാരാമൻ. അതിനായി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി, അമ്മയാകുന്ന പ്രായം കൂട്ടുന്ന കാര്യം ആലോചിക്കുന്നുവെന്നും ധനമന്ത്രി ബജറ്റിൽ. 

ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ വർദ്ധനയുണ്ട്. അതിനാൽ പെൺകുട്ടികൾക്ക് പഠിക്കാൻ കൂടുതൽ അവസരം നൽകി, അമ്മയാവുന്ന പ്രായം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും നിർമലാ സീതാരാമൻ. 

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി വഴിയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടിയതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞതോടെ പാർലമെന്‍റിൽ പ്രതിഷേധം ഉയർന്നു. 'നുണ, നുണ' എന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. എന്നാൽ തന്‍റെ കയ്യിൽ ഇതിന് കണക്കുണ്ട് എന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള കാര്യത്തിൽ രാഷ്ട്രീയം കളിക്കരുത് എന്നും നിർമലാ സീതാരാമൻ മുന്നറിയിപ്പ് നൽകി.

എലമെന്‍ററി ലെവലിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെന്ന് നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. 93.82 ശതമാനമാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. ആൺകുട്ടികളിൽ ഇത് 89.28 ശതമാനം മാത്രമേയുള്ളൂ.

സെക്കന്‍ററി ലെവലിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 81.32 ആണെങ്കിൽ, ആൺകുട്ടികളുടേത് 78 ശതമാനം മാത്രമാണ്. ഹയർ സെക്കന്‍ററി ലെവലിൽ 59.70 ശതമാനമാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസനിലവാരം. ആൺകുട്ടികളുടേത് 57.54 ശതമാനം മാത്രം. 

എന്നാൽ ഇതിന് കാരണം ബേട്ടി ബച്ചാവോ പദ്ധതിയാണെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം തുടർന്നു. 

അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും, അതിനാലാണ് ആറ് ലക്ഷം അങ്കണവാടി പ്രവർത്തകരുടെ പക്കൽ സ്മാർട്ട് ഫോണുകളുണ്ടെന്ന് ഉറപ്പാക്കിയത്. പത്ത് കോടി വീടുകളിലെ കുട്ടികളുടെ ആരോഗ്യവിവരങ്ങളും പോഷകാരോഗ്യവിവരങ്ങളും ഇത് വഴി കേന്ദ്രമന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്നു. ഇത് വൻ നേട്ടമാണെന്നും ധനമന്ത്രി. 

ഇതിന് ശേഷമാണ് മാതൃമരണ നിരക്ക് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയത്. 1978-ലാണ് ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാർ വിവാഹപ്രായം ഉയർത്തിയത്. 15-ൽ നിന്ന് 18 ആക്കിയാണ് ഉയർത്തിയത്. പെൺകുട്ടികൾ കൂടുതൽ പഠിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് പഠിക്കാൻ ഒരു സമിതിയെ (Task Force) നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോർട്ട് നൽകും. 

കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താൻ 35600 കോടി വകയിരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 28600 കോടി രൂപ വനിതാക്ഷേമത്തിനും വകയിരുത്തി. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്