കേന്ദ്ര ബജറ്റ് 2020: ആദായ നികുതി കുത്തനെ കുറച്ച് നിര്‍മല, സ്ലാബുകൾ അടിമുടി പരിഷ്കരിച്ചു

By Web TeamFirst Published Feb 1, 2020, 1:25 PM IST
Highlights

അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ നേരത്തെയുണ്ടായിരുന്നത് 20 ശതമാനം നികുതിയായിരുന്നുവെന്നും ഇത് 10 ശതമാനമാക്കി കുറക്കുന്നതായി ധനമന്ത്രി പറഞ്ഞു

ദില്ലി: കേന്ദ്ര ബജറ്റ് 2020 ൽ ആദായ നികുതി സ്ലാബുകളിൽ അടിമുടി മാറ്റം. കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി കുറയ്ക്കുകയും സ്ലാബുകൾ പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ പഴയ നികുതി ഘടന എടുത്ത് കളയാതെയാണ് പുതിയത് കൊണ്ടുവന്നിരിക്കുന്നത്. രണ്ടിൽ ഏത് വേണമെങ്കിലും നികുതിദായക‍ക്ക് തിരഞ്ഞെടുക്കാം. 

പുതിയ നികുതി ഘടനയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കുറഞ്ഞ നികുതി അടച്ചാൽ മതി. പക്ഷെ നികുതിയിളവുകൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. നൂറോളം നികുതിയിളവുകളിൽ 70 എണ്ണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. 30 ഓളം ഇളവുകൾ മാത്രമാണ് പുതിയ നികുതി ഘടനയിൽ നിലനി‍ര്‍ത്തിയിരിക്കുന്നത്.

എന്നാൽ പഴയ നികുതിഘടനയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നികുതിദായകൻ കൂടുതൽ നികുതി അടയ്ക്കേണ്ടി വരും. ഇത് തിരഞ്ഞെടുക്കുന്നവ‍ക്ക് നികുതി ഇളവുകൾക്ക് അപേക്ഷിക്കാനും സാധിക്കുമെന്ന് ധനമന്ത്രി വിശദീകരിക്കുന്നു. 

പുതിയ നികുതി ഘടന

പുതിയ നികുതി ഘടന പ്രകാരം അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാണ് നികുതി.  കുറക്കുന്നതായി ധനമന്ത്രി പറഞ്ഞു.7.5 ലക്ഷം മുതൽ പത്ത് ലക്ഷം വരെ 15 ശതമാനവും പത്ത് ലക്ഷം മുതൽ 12.5 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവര്‍ നിലവിലെ 30 ശതമാനം തന്നെയാണ് നികുതിയായി അടക്കേണ്ടത്. ഈ നികുതി ഘടന പ്രകാരം ഇളവുകൾക്ക് അപേക്ഷിക്കാൻ ആവില്ല.

പഴയ നികുതി ഘടന

മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനം. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരുന്നു നികുതി. എന്നാൽ നൂറോളം ഇളവുകൾക്ക് ഇതിൽ അപേക്ഷിക്കാനാവും. അതിലൂടെ നികുതിയിളവുകളും നേടാൻ സാധിക്കും. 

കേന്ദ്ര ബജറ്റ് 2020 പ്രകാരം പുതിയതോ പഴയതോ നികുതിദായകന് തിരഞ്ഞെടുക്കാം. പുതിയത് തിരഞ്ഞെടുത്താൽ നികുതിദായകന് വൻ നേട്ടമുണ്ടാകുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ അവകാശവാദം.

click me!