ഓപ്പൺ എഐയും ആന്ത്രോപിക്കും ബിസിനസ് ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിലുള്ള പുതിയ എഐ മോഡലുകൾ പുറത്തിറക്കി. ജിപിടി-6 സോൾ, ലൂണ, ക്ലോഡ് ഓപസ് 5.5 എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. ഇത് എഐ വിപണിയിൽ വലിയൊരു വിലയുദ്ധത്തിന് കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പുറത്തിറക്കി മുന്‍നിര ടെക് കമ്പനികളായ ഓപ്പണ്‍ എഐയും ആന്ത്രോപിക്കും. ഓപ്പണ്‍ എഐ 'ജിപിടി-6 സോള്‍' , 'ജിപിടി-6 ലൂണ' എന്നീ മോഡലുകള്‍ അവതരിപ്പിച്ചപ്പോള്‍, 'ക്ലോഡ് ഓപസ് 5.5' എന്ന മോഡലാണ് ആന്ത്രോപിക് വിപണിയിലെത്തിച്ചത്. ഏറ്റവും ആധുനികമായ എഐ സാങ്കേതികവിദ്യകളേക്കാള്‍ ഉപരി, ദൈനംദിന ബിസിനസ് ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ പുതിയ എഐ മോഡലുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. എഐ വികസനത്തിന് ഒരു വേഗം കുറഞ്ഞ സമീപനം വേണമെന്ന് അടുത്തിടെ ഇരു കമ്പനികളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ മോഡലുകളുടെ വരവെന്നതും ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങള്‍ തെളിയിക്കുന്നത് അതിനൂതന സാങ്കേതികവിദ്യകള്‍ക്കപ്പുറം കുറഞ്ഞ ചെലവിലും കാര്യക്ഷമതയിലുമാണ് കമ്പനികള്‍ ഇപ്പോള്‍ മത്സരിക്കുന്നത് എന്നാണ്.
ലക്ഷ്യം കുറഞ്ഞ ചെലവും മികച്ച പ്രകടനവും
സങ്കീര്‍ണ്ണമായ കോഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് ജിപിടി-6 സോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ധാരാളം വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ഡോക്യുമെന്റുകള്‍ ചുരുക്കി എഴുതുന്നതിനുമുള്ള ജോലികള്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡലാണ് ജിപിടി-6 ലൂണയെന്ന് ഓപ്പണ്‍ എഐ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഈ രണ്ട് മോഡലുകള്‍ക്കും ജിപിടി-5.6 മോഡലുകളുടെ പ്രൊമോഷണല്‍ നിരക്കുകളേക്കാള്‍ 50 ശതമാനം വിലക്കുറവുണ്ട്. ക്യാഷിങ്, ഇന്‍ഫറന്‍സ് എന്നിവയിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളാണ് ഈ വിലക്കുറവിന് കാരണം.
ആന്ത്രോപിക്കിന്റെ പുതിയ 5.5 സീരീസിലെ ആദ്യ മോഡലാണ് ക്ലോഡ് ഓപസ് 5.5. ഇതിന് മുന്‍പുള്ള ക്ലോഡ് ഫേബിള്‍ 5.1 മോഡലിന് സമാനമായ പ്രകടനം കാഴ്ചവെക്കുന്ന ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഓപസ് 5.1-നെക്കാള്‍ 40 ശതമാനം ചെലവ് കുറവാണ്. പത്ത് ലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 4 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 20 ഡോളറുമാണ് വില. സോണറ്റ് 5.5 , ഹൈക്കു 5.5 എന്നീ മോഡലുകളും വരും ആഴ്ചകളില്‍ പുറത്തിറക്കുമെന്ന് ആന്ത്രോപിക് അറിയിച്ചു.
എഐ വിപണിയിലെ 'വിലയുദ്ധം'
വലിയ തുക മുടക്കുന്നതിന് പകരം എഐ സാങ്കേതികവിദ്യയില്‍ നിന്നും ലഭിക്കുന്ന ലാഭം കണക്കാക്കി കുറഞ്ഞ ചെലവില്‍ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ഓപ്പണ്‍ എഐയും ആന്ത്രോപിക്കും തമ്മിലുള്ള ഈ മത്സരം എഐ വിപണിയിലെ ഒരു 'വിലയുദ്ധത്തിന്' വഴിവെക്കുമെന്നും ഇത് മോഡലുകളുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.


