പൂട്ടിപ്പോയ ജെറ്റിനെ രക്ഷിക്കാന്‍ ഹിന്ദുജ ഗ്രൂപ്പ് വരുമോ?; വീണ്ടും പറക്കാമെന്ന പ്രതീക്ഷയില്‍ വിമാനക്കമ്പനി

By Web TeamFirst Published May 22, 2019, 12:01 PM IST
Highlights

ഹിന്ദുജ ഗ്രൂപ്പ് വളരെക്കാലമായി വ്യോമയാന മേഖലയിലേക്ക് ചുവടുവയ്ക്കാനുളള ശ്രമങ്ങള്‍ നടത്തി വരുകയാണ്. 1990 കളില്‍ അവര്‍ ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സയോട് ചേര്‍ന്നുകൊണ്ട് എയര്‍ കാര്‍ഗോ വ്യവസായത്തിലേക്ക് ഇറങ്ങിയിരുന്നു. ഇന്ത്യയുടെ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ഹിന്ദുജ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍, ഇത് പരാജയപ്പെടുകയായിരുന്നു. 

ദില്ലി: ജെറ്റ് എയര്‍വേസ് ലേലത്തില്‍ പങ്കെടുക്കാനുളള ഹിന്ദുജ ഗ്രൂപ്പിന്‍റെ തീരുമാനം ചൊവ്വാഴ്ച പുറത്ത് വന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വ്യോമയാന മേഖല വീക്ഷിക്കുന്നത്. ഹിന്ദുജ ഗ്രൂപ്പിന്‍റെ ബിഡ് സമര്‍പ്പിക്കാനുളള തീരുമാനത്തെ തുടര്‍ന്ന് ജെറ്റിന്‍റെ ഓഹരി മൂല്യത്തില്‍ 15  ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധനയാണിത്. 

ഈ ആഴ്ച തന്നെ ബിഡ് സമര്‍പ്പിക്കാനുളള നടപടിക്രമത്തിന് ഹിന്ദുജ ഗ്രൂപ്പ് തുടക്കമിടുമെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കിങ്, ഓയില്‍, ഗ്യാസ്, പവര്‍ തുടങ്ങിയ മേഖലകളില്‍ വന്‍ സ്വാധീന ശക്തിയാണ് ഹിന്ദുജ ഗ്രൂപ്പ്. സഹോദരങ്ങളായ ഗോപിചന്ദ്, ശ്രീചന്ദ് എന്നിവരാണ് ഗ്രൂപ്പിന്‍റെ ഉടമകള്‍. ബ്രിട്ടണിലെ ഏറ്റവും സമ്പന്നരായ വ്യക്തികളായി മൂന്നാം തവണയും സണ്‍ഡേ ടൈംസ് റിച്ച് ലിസറ്റില്‍ ഇടം നേടിയവരാണ് ഹിന്ദുജ സഹോദരന്മാര്‍. 

ഹിന്ദുജ ഗ്രൂപ്പ് വളരെക്കാലമായി വ്യോമയാന മേഖലയിലേക്ക് ചുവടുവയ്ക്കാനുളള ശ്രമങ്ങള്‍ നടത്തി വരുകയാണ്. 1990 കളില്‍ അവര്‍ ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സയോട് ചേര്‍ന്നുകൊണ്ട് എയര്‍ കാര്‍ഗോ വ്യവസായത്തിലേക്ക് ഇറങ്ങിയിരുന്നു. ഇന്ത്യയുടെ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ഹിന്ദുജ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍, ഇത് പരാജയപ്പെടുകയായിരുന്നു. 

ഹിന്ദുജ ഗ്രൂപ്പിന് ജെറ്റിനെ വീണ്ടും ആകാശത്ത് സജീവമാക്കാനുളള ശക്തിയുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസിന്‍റെ റീട്ടെയ്ല്‍ റിസര്‍ച്ച് ഹെഡ് സിദ്ധാര്‍ത്ഥാ ഖേംക അഭിപ്രായപ്പെട്ടു. മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍, വിമാനക്കമ്പനിയിലെ പ്രധാന നിക്ഷേപകരായ ഇത്തിഹാദ്, ജെറ്റിന്‍റെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് ബാങ്കിന്‍റെ പ്രതിനിധികള്‍ തുടങ്ങിയവരുമായി കമ്പനിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുകയാണ്.  

click me!